ഹജ്ജ് ക്വാട്ടയിലും സമൂല മാറ്റങ്ങൾ വരുത്തി; വിഐപി ക്വാട്ട പൂർണമായും ഒഴിവാക്കും

0
2061
    ന്യൂദൽഹി: ഹജ്ജ് ക്വാട്ടയിൽ സമൂല മാറ്റങ്ങൾ വരുത്തി കേന്ദ്ര ഹജ്ജ് മന്ത്രാലയം. സർക്കാർ ക്വാട്ട 80 ശതമാനവും സ്വകാര്യമേഖലയിൽ 20 ശതമാനം സീറ്റുകളുമാണ് അനുവദിക്കുക.

    വി.ഐ.പി ക്വാട്ട പൂർണമായും ഒഴിവാക്കാനും തീരുമാനിച്ചതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടി അറിയിച്ചു. 
    ബാഗും വസ്ത്രങ്ങളും ഇതുവരെ തീർത്ഥാടകരിൽനിന്ന് പണം വാങ്ങി ഹജ്ജ് കമ്മിറ്റി വാങ്ങി നൽകുകയാണ് ചെയ്തിരുന്നത്. ഇത് നിർത്തലാക്കി. ഇനി തീർത്ഥാടകർ സ്വയം ഇവ വാങ്ങേണ്ടിവരും. റിയാൽ സ്വയം മാറ്റി കൈവശം വയ്‌ക്കേണ്ടിയും വരും. ഇതോടൊപ്പം 300 രൂപയുടെ അപേക്ഷാ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. 

    കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലാണ് കേരളത്തിൽ എംബാർക്കേഷൻ കേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നത്. കണ്ണൂരിൽ ഇതാദ്യമായാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രം ആരംഭിക്കുന്നത്. കോഴിക്കോട്ട് ഇടവേളയ്ക്കുശേഷം എംബാർക്കേഷൻ പുനരാരംഭിക്കുകയാണ്. ന്യൂനപക്ഷമന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹജ്ജ് നയം പുതുക്കിയതായും അബ്ദുല്ലക്കുട്ടി വ്യക്തമാക്കി.

    സൗദി സർക്കാർ ഇത്തവണ 1,75,025 പേർക്ക് അവസരം നൽകിയതിനാൽ കഴിഞ്ഞ വർഷത്തേക്കാൾ ലക്ഷക്കണക്കിന് പേർക്ക് അവസരം ലഭിക്കുമെന്ന് ചെയർമാൻ പറഞ്ഞു.

    സ്വകാര്യ ഗ്രൂപ്പുകൾക്കെതിരെ ഉയർന്ന ഫീസ് ഈടാക്കുന്നതുൾപ്പെടെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് തങ്ങളുടെ ക്വാട്ട 30ൽ നിന്ന് 20 ശതമാനമായി കുറച്ചതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

    ഹജ്ജ് തീർഥാടന ചെലവ് പരമാവധി കുറക്കാൻ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും ഇതുമൂലം ഈ വർഷം ഒരു തീർഥാടകന് അരലക്ഷം രൂപയുടെയെങ്കിലും കുറവുണ്ടാകുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായി ഹജ്ജ് കമ്മിറ്റി ഈ വർഷം തീർഥാടകർക്ക് കുടയും ബാഗും മറ്റും നൽകില്ലെന്നും ഇതുവഴി വലിയ അഴിമതിയാണ് നടക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.