ജിദ്ദ: സഊദി മുനിസിപ്പൽ,ഗ്രാമീണ കാര്യ, ഭവന മന്ത്രാലയം,അമുസ്‌ലിംകൾക്കായി അവരുടെ പ്രദേശങ്ങളിൽ നിരവധി ശ്മശാനങ്ങൾ സ്ഥാപിക്കുന്നു.
അമുസ്‌ലിംകൾക്കിടയിൽ മരിച്ചവരുടെ മൃതദേഹം മുൻകാലങ്ങളിലെ പോലെ ജിദ്ദ ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന പരിമിതമായ ശ്മശാനങ്ങളിലേക്ക് മാറ്റുന്നതിന് പകരം സംസ്‌കാര നടപടികൾ ത്വരിതപ്പെടുത്തുന്നതിനാണ് ഇത്.
സൗദിയിൽ പ്രവാസികളായിരിക്കെ മരിക്കുന്നവരുടെ മരണാനന്തര ചടങ്ങുകൾ ഇതോടെ കൂടുതൽ ലളിതമാകും.
മുസ്്‌ലിം ശ്മശാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ശ്മശാനങ്ങൾക്ക് മന്ത്രാലയം പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അമുസ്‌ലിംകൾക്കിടയിൽ മരണപ്പെട്ടവരുടെ ശവകുടീരങ്ങൾ ഒരുക്കുന്നതിനും മരണപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ഇലക്‌ട്രോണിക് സേവനങ്ങൾ വഴി തൽക്ഷണം ശവസംസ്‌കാര സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും സൗകര്യങ്ങളൊരുക്കും. ശ്മശാനങ്ങളുടെ മതിൽ ഉയർത്തും. കുഴികൾ ഒരുക്കാനും മൃതദേഹം കഴുകാനും ആവശ്യമായ പുതിയ മുറികളും ഒരുക്കും. ഇതിനു പുറമെ, ശ്മശാന ചടങ്ങുകൾ സുഗമമായി നടത്തുന്നതിന് ദിവസവും ശ്മശാനങ്ങൾ സജ്ജീകരിക്കാൻ മേയറുടെ ഓഫീസ് പ്രവർത്തിക്കും.