കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ വിമാനക്കമ്പനിയായ ജസീറ എയർലൈൻസ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ എന്നീ കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തും.
ഇന്ത്യയും കുവൈത്തും തമ്മിൽ ഉഭയകക്ഷി കരാർ ഒപ്പുവെക്കുന്നതോടെ സർവീസ് ആരംഭിക്കുമെന്ന് ജസീറ എയർവേയ്‌സിന്റെ സൗത്ത് ഏഷ്യ റീജണൽ മാനേജർ റൊമാന പർവി നേരെത്തെ പറഞ്ഞിരുന്നു.
നിലവിൽ ജസീറ എയർവേയ്‌സ് ഇന്ത്യയിൽ അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കി.
ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. നിലവിൽ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് ജസീറ സർവീസ് നടത്തുന്നത്. പുതിയ കരാർ ഒപ്പിടുന്നതോടെ കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും സർവീസ് ആരംഭിക്കും.
തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്കും ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്കും നിലവിൽ സർവീസുണ്ട്. ഇത് കൂടാതെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിലും ജസീറ എയർവേയ്‌സ് സേവനം ലഭ്യമാണെന്നും റൊമാന പർവി പറഞ്ഞു.
കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് ജസീറ സർവീസ് ആരംഭിച്ചത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് ആശ്വാസമാകും. നിലവിൽ സൗദി അറേബ്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസുകൾ വളരെ കുറവായതിനാൽ കൂടുതൽ പേരും മറ്റു രാജ്യങ്ങളിലൂടെയാണ് യാത്ര ചെയ്യുന്നത്. ജസീറയും സർവീസ് തുടങ്ങുമ്പോൾ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുറഞ്ഞ നിരക്കിൽ കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും പോകാനാകും.
നിലവിൽ സൗദി അറേബ്യയിലെ പല പ്രധാന വിമാനത്താവളങ്ങളിലേക്കും ജസീറ സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമെ കൂടുതൽ വിമാനത്താവളങ്ങളിലേക്ക് സർവീസ് ആരംഭിക്കുമെന്ന് ജസീറ അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.