അബീർ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ ലീഗ് ടൂർണമെന്റ് ഫെബ്രുവരി 3 മുതൽ ജിദ്ദയിൽ

ജിദ്ദ: ബ്ലാസ്റ്റേഴ്‌സ് എഫ്. സി ജിദ്ദ, അബീർ മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് പുതിയ സൂപ്പർ ലീഗ് പ്രഖ്യാപിച്ചു.സഊദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന് കീഴിലുള്ള 22 ഓളം ടീമുകളെ ഉൾപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് എഫ്. സി ജിദ്ദ, അബീർ മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് “അബീർ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ ലീഗ്” നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അൽമാസ് പ്ലാസ്റ്റിക്ക്സ് ആൻഡ് ക്ലീനിങ് മഹ്ജരാണ് ടൂർണമെന്റിന്റെ മുഖ്യ പ്രായോജകർ. എൻ. കൺഫെർട്സ് , ബാഹി ബർഗർ എന്നിവർ ടൂർണമെന്റിന്റെ മറ്റു സ്പോൺസർമാരാണ്. ബ്ലാസ്റ്റേഴ്‌സ് എഫ്. സി നടത്തുന്ന മൂന്നാമത് സൂപ്പർലീഗ് ഇലവൻസ് ഫോർമാറ്റിലാണ് കളികൾ ക്രമീകരിച്ചിട്ടുളളത്. ജിദ്ദയിൽ ഖാലിദ് ബിൻ വലീദിലുള്ള ഗ്യാസ്‌ സ്റ്റേഷനു മുൻ വശത്തുള്ള അൽ-റുസൂഖ് സ്റ്റേഡിയത്തിലാണ് കളികൾ നടക്കുക. ഫെബ്രുവരി 3-ന് തുടങ്ങുന്ന ടൂർണമെന്റ് മാർച്ച് 17-ന് അവസാനിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

സിഫ് ചാമ്പ്യൻമാരായ സബീൻ എഫ്. സി, എ. സി. സി ബ്ലാസ്റ്റേഴ്‌സ് എഫ്. സി, ഫാൽക്കൺ എഫ് ആ. സി, യാസ് റിയൽ കേരള, ന്യൂ കാസിൽ എഫ്. സി, മഹ്ജർ എഫ്. സി, ബ്ലൂസ്റ്റാർ-ബി, റെഡ് സീ ബ്ലാസ്റ്റേഴ്‌സ്, ഐ. ടി സോക്കർ, എഫ്. സി കുവൈസ, എ. സി. സി-ബി, ജിദ്ദ എഫ്.സി, യൂത്ത് ഇന്ത്യ എഫ്. സി, ഫ്രണ്ട്‌സ് ജിദ്ദ-ബി എന്നീ സീനിയർ ടീമുകളും, സ്പോർട്ടിങ് യുണൈറ്റഡ്, ടാലെന്റ്റ് ടീൻസ് സോക്കർ അക്കാദമി, ജെ.എസ്.സി സോക്കർ അക്കാദമി, സോക്കർ ഫ്രീക്സ്, സ്പോർട്ടിങ് യുണൈറ്റഡ്-ബി എന്നീ ജൂനിയർ ടീമുകളുമാണ് സൂപ്പർ ലീഗിൽ പങ്കെടുക്കുന്നത്. ‘സിഫ്’ മത്സരങ്ങൾക്ക് മുന്നോടിയായി നടക്കുന്ന ടൂർണമെന്റ് എ-ഡിവിഷൻ, ബി & സി ഡിവിഷൻ, ഡി-ഡിവിഷൻ എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നതെന്നും അവർ വിശദീകരിച്ചു.

മത്സര ഫോർമാറ്റ്: 4 ടീമുകളുള്ള ഗ്രൂപ്പുകളായി തിരിച്ച് ഓരോ ടീമുകളും പരസ്പരം മത്സരിച്ച്, ടോപ് ആയി നിൽക്കുന്ന ടീമുകൾ നോക്ക്-ഔട്ടിലേക്ക് യോഗ്യത നേടുന്നു. നോക്കൗട്ട് ഫോർമാറ്റിൽ നിന്നും ജയിച്ചു കയറുന്ന ഓരോ ഡിവിഷനിലെയും രണ്ടു ടീമുകൾ ഫൈനലിൽ മത്സരിക്കും.

പ്രവാസികൾ കൂടുതലുള്ള ജിദ്ദയിൽ ശാരീരികവും മാനസികവുമായ ഉല്ലാസങ്ങൾക്ക് പ്രചോദനം നൽകുന്ന ഇത്തരം ടൂർണമെന്റുകൾ ആരോഗ്യകരമായ ശീലങ്ങൾ സൃഷ്ടിക്കുന്നതിനും പിരിമുറുക്കം നിറഞ്ഞ പ്രവാസത്തിന്റെക്കിടയിൽ വളരെ ക്രിയാത്മകമായ ചലനങ്ങൾ സൃഷ്ടിക്കുന്നതിനും ഇടനൽകുന്നുവെന്ന് അബീർ ഗ്രൂപ്പ് മാർക്കറ്റിംഗ് പ്രതിനിധി സിദ്ധീഖ് നെല്ലായ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് പോലുള്ള ക്ലബ്ബുകൾ അവരവരുടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ സംതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീർഘകാല ഭാവിയിൽ ഫുടബോൾ എന്ന ഇഷ്ടപ്പെടുന്ന ഗെയിമിന് സുസ്ഥിരമായ അടിത്തറ നൽകി കുട്ടികളടക്കമുള്ള ടീമുകൾക്ക് വളരെ വലിയ പ്രോത്സാഹനം നൽകുകാൻ കഴിയുമെന്ന് അൽമാസ് പ്ലാസ്റ്റിക്ക്സ് ആൻഡ് ക്ലീനിങ്ഹ് (മഹ്ജർ) അക്കൗണ്ട്സ് മാനേജർ റസാഖ് അഭിപ്രായപ്പെട്ടു.

ആഗോള പാൻഡെമിക് പശ്ചാത്തലത്തിൽ നിശ്ചലമായിരുന്ന ജിദ്ദയിലെ ഇലവൻസ് ഫോർമാറ്റിലുള്ള മത്സരങ്ങൾ പുനരുജ്ജീവിപ്പിക്കാനും, സിഫ് സീസൺ തുടങ്ങുന്നതിന് മുന്നോടിയായി ക്ലബ്ബ്കൾക്ക് സീസണിലുടനീളം പരസ്‌പരം കളിക്കാനും ഇതൊരവസരമാകുമെന്ന് സിഫ് ആക്ടിങ് ജനറൽ സെക്രട്രറി അയ്യൂബ് മുസ്‌ലിയാരകത്ത് പറഞ്ഞു. ജിദ്ദ ഇന്ത്യൻ സമൂഹത്തിന്റെ ചലനങ്ങളുടെ നേർകാഴ്ചയാണ് ഫുട്ബോൾ ടൂര്ണമെന്റുകളെന്ന് എൻ. കൺഫർട്സ് ചെയർമാൻ ലത്തീഫ് കാപ്പുങ്കൽ പറഞ്ഞു. കുട്ടികളുടെ വിഭാഗം ഉള്പെടുത്തിയതിലൂടെ അവരുടെ കായികക്ഷമതയെ പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തിത്വ വികാസത്തിനും സ്വഭാവ രൂപീകരണത്തിനും, ധാർമ്മിക തത്ത്വങ്ങളെ രൂപപ്പെടുന്നത്തിനുമൊക്കെ ഉപകരിക്കുമെന്ന് സലിം ബാഹി ബർഗർ പങ്കുവെച്ചു.

സഊദിയിലെയും ഇന്ത്യയിലെയും മികച്ച കളിക്കാരെയും ഒരുമിച്ച് കൊണ്ടുവരുന്നതിനും, ജിദ്ദയിലെ ഫുട്‌ബോൾ സമൂഹത്തിന് ഒരു പുതിയ അധ്യായം എഴുതി ചേർക്കാനാകുമെന്ന് ബ്ലാസ്റ്റേഴ്‌സ് ജനറൽ സെക്രട്രറി അബൂ കട്ടുപ്പാറ പ്രത്യാശ പ്രകടിപ്പിച്ചു. ജിദ്ദ പൊതു സമൂഹത്തിന്റെയും സ്പോൺസർമാരുടെയും ടീമുകളുടെയും മാധ്യമങ്ങളുടെയും അകമഴിഞ്ഞ സഹായമാണ് ടൂർണമെന്റുമായി മുന്നോട്ട് പോകാനുള്ള പ്രചോദനമെന്ന് ചെയർമാൻ ചെറിയ മുഹമ്മദ് ആലുങ്ങൽ പറഞ്ഞു. ഹാരിസ് കൊന്നോല, മുനീർ ആലുങ്ങൽ, ഷഫീഖ് പട്ടാമ്പി, നാസർ എടവണ്ണ, നൗഷാദ് മഞ്ചേരി, ഷമീം പാതയ്ക്കര, മൊയ്‌നു പാതയ്ക്കര, മുഹ്‌സിൻ പെരിന്തൽമണ്ണ, സിജാസ് കണ്ണൂർ, ഇല്യാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.