സഊദി വിദ്യാർത്ഥി അമേരിക്കയിൽ കുത്തേറ്റ് മരിച്ചു; പ്രതി 19 കാരിയായ യുവതിയെ പോലീസ് തിരയുന്നു

0
3399

റിയാദ്: സഊദി വിദ്യാർത്ഥി അൽ വാലിദ് അൽ ഗരീബിയെ താമസ കെട്ടിടത്തിനുള്ളിൽ കുത്തിക്കൊന്ന കേസിൽ 19 കാരിയായ യുവതിയെ യു.എസ് സംസ്ഥാനമായ പെൻസിൽവാനിയയിലെ ഫിലാഡൽഫിയ പോലീസ് തിരയുന്നു.

ജോർജിയയിലെ കൊളംബസിൽ നിന്ന് ഒളിവിൽപ്പോയ പ്രതി നിക്കോൾ മേരി റോജേഴ്സിനെ (19) പിടികൂടുന്നവർക്ക് 20,000 ഡോളർ പാരിതോഷികം നൽകുമെന്ന് പോലീസ് വാഗ്ദാനം ചെയ്തു.

കൊലപാതകം, കവർച്ച, മോഷണം എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

ഫിലാഡൽഫിയയിലെ ജർമൻടൗണിലെ ഹാൻസ്ബെറി സ്ട്രീറ്റിലെ 300 ബ്ലോക്കിലുള്ള ഒരു വീടിനുള്ളിൽ ജനുവരി 23 തിങ്കളാഴ്ച രാവിലെ 11:50 ഓടെയാണ് സംഭവം. കഴുത്തിൽ കുത്തേറ്റ 25കാരനെ മൂന്നാം നിലയിലെ കുളിമുറിയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് കൊലയാളി മൊബൈൽ ഫോണും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതായി കണ്ടെത്തി.

സംഭവത്തിന്റെ കാരണം എന്താണെന്നോ പ്രതിക്ക് ഇരയെ അറിയുമോ എന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വിവരം അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.