റിയാദ്: സൗദി അറേബ്യയില്‍ തൊഴിലുടമയുടെ പണം തട്ടാന്‍ പിടിച്ചുപറി കഥ മെനഞ്ഞ പ്രവാസി പിടിയില്‍. ഇയാള്‍ തട്ടിയെടുത്ത് ഒളിപ്പിച്ചു വെച്ച പണം ഉള്‍പ്പെടെ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. അല്‍ ഖസീമിലായിരുന്നു സംഭവം.
വാഹനത്തില്‍ പണവുമായി വരുന്നതിനിടെ ഒരു അജ്ഞാത സംഘം ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പണവും തന്റെ തിരിച്ചറിയല്‍ രേഖകളും ഇവര്‍ കൊണ്ടുപോയെന്നുമായിരുന്നു പ്രവാസി, തന്റെ തൊഴിലുടമയോട് പറഞ്ഞത്. താന്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ഗ്ലാസ് തട്ടിപ്പ് സംഘം തകര്‍ത്തതായും ഇയാള്‍ വാദിച്ചു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇതെല്ലാം കള്ളമാണെന്ന് കണ്ടെത്തി. പണം തട്ടാനായി ഇയാള്‍ വ്യാജ കഥ മെനഞ്ഞതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ പ്രവാസി അറസ്റ്റിലായി. തുടര്‍ നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ ഖസീം പൊലീസ് അറിയിച്ചു.