ഗുഡ് ഹോപ്‌ ഇന്ത്യൻ കൾച്ചറൽ നൈറ്റ്‌ ഫെബ്രുവരി 2, 3 തിയ്യതികളിൽ ജിദ്ദയിൽ

ജിദ്ദ: സഊദി അറേബ്യയിലെ വിവിധങ്ങളായ ആഗോള തല ഇവന്റുകളിൽ പങ്കാളികളായി പ്രാഗത്ഭ്യം നേടിയിട്ടുള്ള കേരളത്തിലും പുറത്തും ജീവകാരുണ്യ – സാംസ്‌കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ‘ഗുഡ് ഹോപ്’ ഇവന്റ്‌സിന്റെ ബാനറില്‍ 2023 ഫെബ്രുവരി 2, 3 തിയതികളില്‍ വിപുലമായ പരിപാടികളോടെ രണ്ടു മെഗാഷോകള്‍ നടത്തുമെന്ന് ഗുഡ് ഹോപ്‌ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജിദ്ദയുടെ ചരിത്രത്തില്‍ ആദ്യത്തെ ദ്വിദിന മെഗാ ഈവന്റിനാണ് ഗുഡ് ഹോപ് അരങ്ങൊരുക്കുന്നതെന്നും അവർ പറഞ്ഞു.

ജിദ്ദ ഉസ്ഫാനിലെ ഇക്വസ്ട്രിയന്‍ സ്റ്റേഡിയത്തിലാണ് പരിപാടികള്‍ അരങ്ങേറുക. സഊദി ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ നടത്തപ്പെടുന്ന പരിപാടി പാസുകള്‍ മൂലം നിയന്ത്രിക്കും. പ്രവേശന പാസുകള്‍ ഓണ്‍ലൈനിലും നേരിട്ട് ഗുഡ് ഹോപ് പ്രധിനിധികളിലൂടേയും ലഭ്യമാണെന്നും അവർ അറിയിച്ചു.

ഫെബ്രുവരി രണ്ടിന് വ്യാഴാഴ്ച രാത്രി 9 മണിക്ക് സൗത്ത് ഇന്ത്യന്‍ നൈറ്റില്‍ മലയാളത്തിന്റെ പ്രിയ നടന്‍ ദിലീപ്, ഗായകന്‍ എം. ജി ശ്രീകുമാര്‍, നാദിര്‍ഷാ, കോട്ടയം നസീര്‍, രഞ്ജിനി ജോസ്, അമൃതാ സുരേഷ്, ഫാസിലാ ബാനു, മഹേഷ് കുഞ്ഞുമോൻ തുടങ്ങിയ വൻതാരനിര വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കും. രണ്ടാം ദിവസം (ഫെബ്രുവരി 3 വെള്ളിയാഴ്ച) രാത്രി ഒമ്പതിന് ബോളിവുഡ് നൈറ്റ് നടക്കും. ഇതിൽ പ്രസിദ്ധ ഗായകന്‍ കുമാര്‍ സാനു, രചനാ ചോപ്ര എന്നിവര്‍ നയിക്കുന്ന സംഗീതമേളയും ഒപ്പം വൈവിധ്യമാര്‍ന്ന മറ്റ് കലാപരിപാടികളും അരങ്ങേറും.

അന്താരാഷ്ട്ര നിലവാരം പുലർത്തി കൊണ്ടാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത്. കലാ ആസ്വാദകർക്ക് ആനന്ദകരമായ രീതിയിൽ പരിപാടികൾ ആസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള ഇരിപ്പിടം, അവസാന ഇരിപ്പിടത്തിൽ ഇരിക്കുന്ന വ്യക്തിക്കും ശ്രവണ യോഗ്യമായ സൌണ്ട് സിസ്റ്റം എന്നീ പ്രത്യകതകൾ കൂടി ഉൾകൊള്ളുന്നതാണ് ക്രമീകരണങ്ങൾ. കൂടാതെ മികവുറ്റ സുരക്ഷാ ക്രമീകരണങ്ങളും ഏ൪പ്പെടുത്തിയിട്ടുണ്ട്. വി വി ഐ പി ടിക്കറ്റ് എടുത്തവർക്ക് പ്രത്യേക പാർക്കിങ് സൗകര്യം ലഭ്യമായിരിക്കും. വ്യത്യസ്തമായ ഓരോ ടിക്കറ്റ് വിഭാഗത്തിനും പ്രത്യേകം കവാടങ്ങളിലൂടെ ആയിരിക്കും പ്രവേശനം അനുവദിക്കുക, ഓരോ ടിക്കറ്റ് വിഭാഗത്തിലും ഭക്ഷണ ശാലകൾ ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ വിശദീകരിച്ചു.

ജിദ്ദ അസീസിയ ഖാൻ ചാച്ച റെസ്റ്റോറന്റ് ഹാളിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ഗുഡ് ഹോപ്‌ ചെയർമാൻ ജുനൈസ് ബാബു, ഹിഫ്സുറഹ്‌മാൻ, റാഫി ബീമാപ്പള്ളി, ഹസ്സൻ കൊണ്ടോട്ടി, ഉണ്ണി തെക്കേടത്ത് എന്നിവർ പങ്കെടുത്തു.