ഷാർജ: യുവാവ് കടലിൽ മുങ്ങി മരിച്ചു. ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭർത്താവാണ് കടലിൽ മുങ്ങി മരിച്ചത്. 24 വയസ്സുള്ള പാക്കിസ്ഥാനി യുവാവാണ് മരിച്ചത്.
ഷാർജ മംസാർ ബീച്ചിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കടലിലിറങ്ങിയ യുവതി പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു. ഉടൻ ഭർത്താവ് കടലിലേയ്ക്ക് ചാടി യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുങ്ങി മരിച്ചു.
സംഭവം കണ്ട ഒരാൾ സെൻട്രൽ ഓപറേഷൻസ് റൂമിൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് റെസ്ക്യൂ ടീമുകളും പൊലീസ് പട്രോളിങ്ങും റെക്കോർഡ് സമയത്ത് സംഭവം കൈകാര്യം ചെയ്തു. ഷാർജ പൊലീസ്, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയിലെ മാരിടൈം റെസ്‌ക്യൂ ടീം എന്നിവർ ബീച്ചിലുണ്ടായിരുന്ന പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
എന്നാൽ യുവാവിനെ രക്ഷിക്കാനായില്ല. വിദഗ്ധസംഘം നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്.