ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ അച്ചടക്കകമ്മിറ്റി അബ്ദുള്‍ കരീം ഉള്‍പ്പെടെ മൂന്നു ദേശീയ താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. അബ്ദുള്‍കരീം ഹസനെ അനശ്ചിതകാലത്തേയ്ക്ക് സസ്‌പെന്റ് ചെയ്തു. മറ്റു രണ്ടു താരങ്ങള്‍ക്കെതിരെയും അച്ചടക്ക നടപടി. നടപടിയുടെ ഭാഗമായി താരങ്ങളുടെ ശമ്പളത്തിന്റെ 50 ശതമാനം തുക റദ്ദാക്കുകയും നല്ലൊരു സംഖ്യ പിഴയും ചുമത്തി.
ദേശീയ ടീമിലെ ബസാം അല്‍ റവി, മുഹമ്മദ് വാദ് എന്നീ താരങ്ങളാണ് അച്ചടക്ക നടപടി നേരിടേണ്ടി വന്ന മറ്റു രണ്ടു പേര്‍. ഇരുവരുടെയും ശമ്പളത്തിന്റെ 50 ശതമാനം തുക റദ്ദാക്കുകയും അല്‍ റവിയ്ക്ക് 1 ലക്ഷം റിയാലും വാദിന് 50,000 റിയാലും പിഴയും ചുമത്തിയിട്ടുണ്ട്. ഇരുവര്‍ക്കും താക്കീതും നല്‍കിയിട്ടുണ്ട്. അതേസമയം, താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതിന്റെ കാരണം അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ, അറബിക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്‌നാപ്ചാറ്റിലൂടെ ആരാധകരില്‍ ഒരാളോട് പ്രകോപനപരമായി പെരുമാറിയതിനെ തുടര്‍ന്നാണ് അബ്ദുല്‍ കരീം ഹസനെ അനശ്ചിതകാലത്തേയ്ക്ക് സസ്‌പെന്റ് ചെയ്തതെന്നാണ് വിവരം. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഖത്തര്‍ ദേശീയ ടീം പുറത്തായതിനെക്കുറിച്ച് ആരാധകരില്‍ ഒരാള്‍ നടത്തിയ വിമര്‍ശനത്തിന് മറുപടിയായി ‘റിലാക്‌സ്, ഇതു യുദ്ധമാണെന്നാണോ നിങ്ങള്‍ കരുതുന്നത്’ എന്ന അബ്ദുള്‍ കരീമിന്റെ മറുപടി ആരാധകനെ പ്രകോപിപ്പിച്ചിരുന്നു.