വിദേശ ഉംറ തീർത്ഥാടകരുടെ ഇൻഷുറൻഡ് പോളിസി 235 ൽ നിന്ന് 87.4 റിയാലായി കുറച്ചു; പോളിസിയുടെ കവറേജുകൾ അറിയാം

0
1836

ഫ്ലൈറ്റ് വൈകിയാലും റദ്ദായാലും നഷ്ടപരിഹാരം

റിയാദ്: 2023 ജനുവരി 10 മുതൽ വിദേശ ഉംറ നിർവഹിക്കുന്നവർക്കുള്ള സമഗ്ര ഇൻഷുറൻസിന്റെ ചെലവ് 63 ശതമാനമായി കുറച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ്, ഉംറ മന്ത്രാലയം രാജ്യത്തിന് പുറത്ത് നിന്നുള്ള ഉംറ നിർവഹിക്കുന്നവർക്കുള്ള സമഗ്ര ഇൻഷുറൻസിന്റെ മൂല്യം കുറച്ചതും പോളിസിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കവറേജുകളും എങ്ങനെയൊക്കെയാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇൻഷുറൻസ് പോളിസി തുക 235.57 റിയാൽ ആയിരുന്നു നേരത്തെയെങ്കിൽ ഇപ്പോൾ 87.4 റിയാലാക്കിയാണ് കുറച്ചത്. വിദേശത്ത് നിന്ന് ഉംറയ്ക്ക് വരുന്നവർക്ക് കവറേജ് ലഭിക്കുമെന്നും വരുന്നതിന് മുമ്പുള്ള വിസ നടപടിക്രമങ്ങളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

അത്യാഹിത കേസുകൾക്കുള്ള ആരോഗ്യ പരിരക്ഷയിൽ ചികിത്സ, അഡ്മിഷൻ, ഹോസ്പിറ്റലൈസേഷൻ, ട്രാഫിക് അപകട പരിക്കുകൾ, എമർജൻസി ഡയാലിസിസ് കേസുകൾ, എമർജൻസി ഗർഭധാരണവും പ്രസവവും, എമർജൻസി ഡെന്റൽ കേസുകൾ, എന്നിവ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം സൂചിപ്പിച്ചു.

ആകസ്മികമായ ശാശ്വത വൈകല്യം, പ്രകൃതി ദുരന്തങ്ങൾ മൂലമുള്ള മരണം, മരിച്ചയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകൽ, അപകട മരണ കേസുകൾ, കോടതി വിധി പുറപ്പെടുവിച്ച ബ്ലഡ് മണി എന്നിവ പൊതുവായ കവറേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫ്ലൈറ്റ് കാലതാമസത്തിനുള്ള നഷ്ടപരിഹാരം, യാത്ര റദ്ദാക്കൽ നഷ്ടപരിഹാരം തുടങ്ങിയ യാത്രാ സംബന്ധിയായ കവറേജുകളും പോളിസിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി, ഈ കവറേജുകൾ ഉംറ ഇൻഷുറൻസ് പോളിസിക്കുള്ളിൽ ഇൻഷ്വർ ചെയ്ത വ്യക്തിക്കുള്ളതാണെന്നും ആനുകൂല്യ പരിധി 100,000 റിയാൽ വരെയാണെന്നും മന്ത്രാലയം വിശദീകരിച്ചു.

സഊദിയിൽ പ്രവേശിക്കുന്ന ദിവസം മുതൽ 90 ദിവസമാണ് ഇൻഷുറൻസ് കവറേജ് കാലാവധിയെന്നും അതിന്റെ കവറേജിന്റെ വ്യാപ്തി സഊദി അറേബ്യയിൽ മാത്രമാണെന്നും മന്ത്രാലയം അറിയിച്ചു. ഉംറ നിർവഹിക്കുന്നവർക്കുള്ള ഉംറ ഇൻഷുറൻസ് പോളിസി കാണാനും അതിന്റെ സാധുത പരിശോധിക്കാനും ഇൻഷുറൻസ് കമ്പനികളെ കുറിച്ച് അറിയാനും അല്ലാഹുവിന്റെ അതിഥികൾക്കായുള്ള സമഗ്ര ഇൻഷുറൻസ് പ്രോഗ്രാമിന്റെ വെബ്‌സൈറ്റ് സന്ദർശിക്കാം.