റിയാദ്: ഹജ്ജ്-ഉംറ സുരക്ഷക്ക് വേണ്ടി പ്രത്യേക സേനയിലേക്ക് 255 വനിത കാഡറ്റുകൾ കൂടി. ഡിപ്ലോമാറ്റിക് സെക്യൂരിറ്റിക്കും ഹജ്ജ്, ഉംറ സെക്യൂരിറ്റിക്കും വേണ്ടിയുള്ള സായുധ സേനയുടെ വിമൻസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം നേടിയ നാലാം ബാച്ചാണ് ഇപ്പോൾ പരിശീലനം പൂർത്തിയാക്കിയത്.
ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫിന്റെ രക്ഷാകർതൃത്വത്തിൽ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്. ജനറൽ മുഹമ്മദ് അൽ ബസ്സാമി കഴിഞ്ഞദിവസം സേനയിലെ വനിത കാഡറ്റുകൾക്ക് ബിരുദദാനം നിർവഹിച്ചു.
ഇവർക്ക് വിവിധ സെക്യൂരിറ്റി ആപ്ലിക്കേഷനുകളിലും വിവര സാങ്കേതികവിദ്യയിലും പ്രത്യേക പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്. സുരക്ഷ ചുമതല നിർവഹിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യം അവർക്ക് സിദ്ധിച്ചിട്ടുണ്ട്. തിയററ്റിക്കലും പ്രാക്ടിക്കലുമായ ക്ലാസുകളാണ് അവർക്ക് നൽകിയത്. 2019ൽ സൗദി അറേബ്യ സായുധസേനയുടെ വിവിധ ശാഖകളിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയിരുന്നു.