കൊച്ചി: അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവിൽ കൂടുതൽ കണ്ടെത്തിയതിന്
ശബരിമലയിൽ അരവണ പായസം വിതരണം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു.
ഇത്തരം അരവണയുടെ സാംപിൾ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ, അത് ലഭ്യമല്ലെങ്കില്‍ ഏലയ്ക്ക് ഇല്ലാതെയോ അരവണ നിർമിക്കാം. ഇക്കാര്യത്തിൽ സ്പൈസസ് ബോർഡുമായി കൂടിയാലോചന നടത്താമെന്നും കോടതി വ്യക്തമാക്കി. തീർഥാടകരുടെ താൽപര്യത്തിനാണ് പരിഗണനയെന്ന് വ്യക്തമാക്കിയ കോടതി, ഭക്ഷ്യയോഗ്യമല്ലാത്ത എലയ്ക്ക ഉപയോഗിക്കുന്നത് ചെറിയ വിഷയമല്ലെന്നും നിലപാടെടുത്തു.
ശബരിമലയിൽ അരവണ പായസത്തില്‍ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലാത്തതാണെന്നു ഭക്ഷ്യസുരക്ഷാ അതോറിറ്റി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.