വടിവാള്‍,നായ,ഭീകരാന്തരീക്ഷം; 54 മണിക്കൂര്‍ നാടിനെ മുള്‍മുനയിലാക്കിയ സജീവനെ സാഹസികമായി കീഴടക്കി

0
4692

കൊല്ലം: 54 മണിക്കൂറോളം പോലീസിനേയും നാട്ടുകാരേയും മുള്‍മുനയില്‍ നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊല്ലം ചിതറ സ്വദേശി സജീവനെ ഒടുവില്‍ പിടികൂടി. പോലീസും നാട്ടുകാരും ചേര്‍ന്ന് സാഹസികമായാണ് സജീവനെ കീഴ്‌പ്പെടുത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റോട്ട്‌വീലര്‍ ഇനത്തില്‍പ്പെട്ട നായയെ തുറന്നുവിട്ടതിനാല്‍ കഴിഞ്ഞ രണ്ടുദിവസമായി പോലീസിന് വീട്ടിനുള്ളില്‍ കയറി സജീവനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ നായയെ മാറ്റിയ ശേഷമാണ് പോലീസിനും നാട്ടുകാര്‍ക്കും വീട്ടിനുള്ളില്‍ പ്രവേശിക്കാനായത്. വടിവാള്‍വീശി വീട്ടിനുള്ളില്‍ തന്നെ നിലയുറപ്പിച്ച സജീവനെ ഏറെനേരം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ശനിയാഴ്ച മൂന്ന് മണിയോടെയാണ് പിടികൂടാനായത്.

പലതവണ സജീവനെ പിടികൂടാനായി പോലീസ് വീടിനകത്ത് കയറിയെങ്കിലും വടിവാള്‍ വീശിയതോടെ തിരിച്ചിറങ്ങേണ്ടി വന്നു. ഒടുവില്‍ മഫ്തിയില്‍ വീട്ടിനുള്ളില്‍ കയറിയ കൊല്ലം എസ്.പി.സി.ഐ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ റിജുവാണ് പിന്നില്‍കൂടിയെത്തി സജീവനെ ആദ്യം കീഴ്‌പ്പെടുത്തിയത്. പിന്നാലെ പോലീസും നാട്ടുകാരും സജീവനെ വളയുകയായിരുന്നു. പോലീസ് അകത്തുകടന്നാല്‍ ആത്മഹത്യ ചെയ്യുമെന്നും അമ്മയെ കൊലപ്പെടുത്തുമെന്നും സജീവന്‍ ഭീഷണി മുഴക്കിയിരുന്നു.

ഇതിനിടയിലാണ് സജീവന്റെ കണ്ണൊന്ന് തെറ്റിയപ്പോള്‍ പിറകില്‍നിന്ന് ചാടിയെത്തി ഇന്‍സ്‌പെക്ടര്‍ റിജു ഇയാളെ കീഴ്‌പ്പെടുത്തിയത്. ബലംപ്രയോഗിച്ച് കൈവിലങ്ങണിയിച്ച് തോളിലിട്ടാണ് സജീവനെ പോലീസ്‌ വാഹനത്തിലേക്ക് മറ്റിയത്. സജീവന്റെ അമ്മയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സജീവന്റെ ആക്രമണത്തില്‍ നാട്ടുകാരില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ 10 മണി മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. അയല്‍വാസിയായ സുപ്രഭയുടെ വീട്ടിലെത്തി വീടും വസ്തുവും തന്റെതാണെന്ന് അവകാശപ്പെട്ട് വടിവാള്‍ വീശി സജീവന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. നായയെ കൊണ്ടുവന്ന് കടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. സുപ്രഭയുടെ പരാതിയില്‍ പ്രതിക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയായിരുന്നു ഇത്.

ഇതിനുശേഷം സ്വന്തം വീട്ടിലെത്തിയ സജീവന്‍ നായകളെ അഴിച്ചുവിട്ട് ഗേറ്റ് പൂട്ടി വീടിനകത്ത് തന്നെ ഇരിക്കുകയായിരുന്നു. പോലീസ് എത്തിയിട്ടും കീഴടങ്ങാന്‍ സജീവന്‍ തയ്യാറായില്ല. തുടര്‍ന്ന് 54 മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് നാട്ടുകാരുടെ സഹായത്തോടെ സജീവന്‍ പോലീസ് കസ്റ്റഡിയിലായത്.

ഇത് സംബന്ധമായുള്ള മാതൃഭൂമി ചാനൽ വാർത്ത കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക