ജിദ്ദ: സഊദി മില്‍ക്ക് (സദാഫ്‌കോ) കമ്പനി മുന്‍ ജീവനക്കാരുടെ കുടുംബ സംഗമം ഡിസംബർ 31 ശനിയാഴ്ച മലപ്പുറത്ത് നടക്കുമെന്ന് ബന്ധപ്പെട്ടവർ മലപ്പുറത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അസോസിയേഷന്‍ ഓഫ് സദാഫ്‌കോ കേരളൈറ്റ് എക്‌സ് എംപ്ലോയീസ് കൂട്ടായ്മയാണ് ഇത് സംഘടിപ്പിക്കുന്നത്. ‘സദാഫ്‌കോ’ കമ്പനിയില്‍ ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയവരും ഇപ്പോള്‍ സര്‍വീസിലിരിക്കുന്നവരുമായ മലയാളികളുടെ കൂട്ടായ്മയാണ ഇത്. മലപ്പുറം പുകയൂര്‍ മലബാര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് പരിപാടി. ചടങ്ങില്‍ അനുസ്മരണം, അനുമോദനം, പരിചയപ്പെടല്‍, കുട്ടികളുടെ കലാ പരിപാടികള്‍, മാജിക് ഷോ, ഗാനമേള, മെഗാ ഡ്രോ എന്നിവ അരങ്ങേറും. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഈയിടെ ഡോക്ടറേറ്റ് നേടിയ ജംഷീർ നഹ കുടുംബ സംഗമത്തിൽ മുഖ്യാഥിതിയാകും.
വിദേശത്ത് ഒരു കമ്പനിയില്‍ ദീര്‍ഘ കാലം ഒന്നിച്ച് ജോലി ചെയ്യുകയും എന്നാല്‍ പ്രവാസ ജീവിതം അവസാനിച്ചതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുകയും ചെയ്യുന്ന സഹപ്രവര്‍ത്തകരായിരുന്നവരുടെ പരസ്പര ബന്ധം ഊഷ്മളമാക്കുന്നതോടൊപ്പം അവരില്‍ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുക എന്ന മഹത്തായ ലക്ഷ്യവും ഈ കൂട്ടായ്മക്കുണ്ട്. ഈ വര്‍ഷം മെയ് മാസത്തില്‍ അംഗങ്ങളുടെ പ്രഥമ സംഗമം മലപ്പുറം വുഡ്‌ബൈന്‍ ഹോട്ടലില്‍ വെച്ച് നടന്നിരുന്നു. പ്രസ്തുത പരിപാടിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും, സ്‌കൂള്‍ അവധിക്കാലത്ത് അംഗങ്ങളുടെ കുടുംബ സംഗമം നടത്തുന്നതിനും, മറ്റ് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി കെ.വി സുബൈര്‍ ശാന്തപുരം ജനറല്‍ കണ്‍വീനറായും, അബ്ദുല്‍ ഗഫൂര്‍ വേങ്ങര അസി. കണ്‍വീനറായും, ഷഫീഖ് അഹമ്മദ് വള്ളുവമ്പ്രം ചാരിറ്റി കണ്‍വീനറുമായ ഒരു കമ്മിറ്റി രൂപീകരിച്ചു. സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അംഗങ്ങളില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നാലു കുടുംബങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി സഹായധനം നല്‍കി.
1977- ല്‍ ജിദ്ദയില്‍ സ്ഥാപിതമായ ക്ഷീരോത്പന്നങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും നിര്‍മിച്ച് വിപണനം ചെയ്യുന്ന സഊദി അറേബ്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള മുന്‍നിര കമ്പനികളില്‍ ഒന്നാണ് ‘സഊദി മില്‍ക്ക്’ എന്ന പേരിലറിയപ്പെടുന്ന ‘സദാഫ്‌കോ’ കമ്പനി. കമ്പനിയുടെ പ്രാരംഭ ഘട്ടം മുതല്‍ തന്നെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ മലയാളികളായ പരശതം തൊഴിലാളികള്‍ ജോലി ചെയ്തുവരുന്നു. അവരുടെ കൂടി അധ്വാന ഫലമാണ് കമ്പനിയുടെ ഇന്നത്തെ വളര്‍ച്ച. അതുപോലെ തൊഴില്‍ രഹിതരായ നിരവധി മലയാളി യുവാക്കളുടെ കുടുംബങ്ങളെ സാമ്പത്തികമായ നല്ലൊരവസ്ഥയില്‍ എത്തിച്ചതില്‍ ഈ കമ്പനിക്കും മുഖ്യ പങ്കുണ്ട്.
വാർത്ത സമ്മേളനത്തിൽ സുബൈർ, അബ്ദുൽ ഗഫൂർ, മുഹമ്മദലി, ഷഫീഖ്, ഇസ്ഹാഖ്, ഹബീബ്, നാസർ എന്നിവർ പങ്കെടുത്തു.