റിയാദ്: വിനോദയാത്രക്ക് പുറപ്പെട്ട ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനം റിയാദിൽ അപകടത്തിൽ പെട്ട് ഇന്ത്യക്കാരി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. മുംബൈ സ്വദേശിനി സരിഗ ജിതേന്ദ്ര അവാദി (41), എത്യോപ്യക്കാരനായ ഡ്രൈവർ അബ്ദുസലാം ഇബ്രാഹിം (50) എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൾൽക്കുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദ് നഗര മധ്യത്തിൽനിന്ന് 70 ഓളം കിലോമീറ്ററകലെ പ്രകൃതി വിസ്മയമായ ‘എഡ്ജ് ഓഫ് ദി വേൾഡി’ലേക്കുള്ള മരുഭൂ പാതയിൽ ചൊവ്വാഴ്ച വൈകീട്ട് നാലിനും അഞ്ചിനുമിടയിലായിരുന്നു അപകടം. വിനോദയാത്രക്ക് പുറപ്പെട്ടതായിരുന്നു സംഘം.
സരിഗയുടെ ഭർത്താവ് മഹാരാഷ്ട്ര കോലാപ്പൂർ സ്വദേശിയും ജുബൈൽ സദാറ കമ്പനിയിൽ കെമിക്കൽ ലാബ് ടെക്നീഷ്യനുമായ ജിതേന്ദ്ര ഭാണ്ഡുരാംഗ് അവാദി (49), ഇളയ മകനും ജുബൈൽ ഇന്ത്യൻ സ്കൂളിൽ 12-ാം ക്ലാസ് വിദ്യാർഥിയുമായ സർവേഷ് ജിതേന്ദ്ര (17) എന്നിവർക്കാണ് പരിക്കേറ്റത്. മൂത്ത മകനും ഡൽഹി നേതാജി സുഭാഷ് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ അവസാന വർഷ എൻജിനീയറിങ് വിദ്യാർഥിയുമായ നയാൻ ജിതേന്ദ്ര (21) പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.
ജിതേന്ദ്രയും കുടുംബവും ഒമ്പത് വർഷമായി ജുബൈലിൽ താമസിച്ചു വരികയാണ്. ആറ് ദിവസം മുമ്പ് സന്ദർശക വിസയിൽ ജുബൈലിൽ എത്തിയ മകൻ നയാനെയും കൂട്ടി ഇവർ വിനോദയാത്രക്ക് പുറപ്പെട്ടതായിരുന്നു. സ്വന്തം കാറിൽ ചൊവ്വാഴ് ഉച്ചക്ക് റിയാദിലെത്തിയ ഇവർ തങ്ങളുടെ കാർ മരുഭൂമിയിലൂടെയുള്ള ഓഫ് റോഡ് യാത്രക്ക് അനുയോജ്യമല്ലാത്തതിനാൽ ഖസീം റോഡിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട ശേഷം പരിചയക്കാരനായ എത്യോപ്യൻ ഡ്രൈവറുടെ ജീപ്പ് റാംഗ്ലർ വാടകക്ക് വിളിച്ച് എഡ്ജ് ഓഫ് ദി വേൾഡിലേക്ക് പുറപ്പെടുകയായിരുന്നു.
ഏറെ ദുർഘടമായ വഴിയിലൂടെ യാത്ര തുടരുന്നതിനിടെ ലക്ഷ്യസ്ഥാനത്തിന് ഏതാനും വാര ഇപ്പുറത്തുവെച്ച് നിയന്ത്രണം വിട്ട് കറങ്ങി മറിഞ്ഞായിരുന്നു അപകടം. മുൻവശത്തെ സീറ്റിൽ ബെൽറ്റിട്ടിരുന്ന നയാൻ ഒഴികെ ബാക്കി നാലുപേരും പുറത്തേക്ക് തെറിച്ചുവീണുവെന്നാണ് വിവരം. തെറിച്ചുപോയ സരിഗയുടെ തല ഒരു പാറയിൽ ഇടിച്ചതാണ് മരണപ്പെട്ടത്. ഡ്രൈവറും സമാനമായ രീതിയിൽ തെറിച്ചുവീണു. രണ്ടുപേരും തൽക്ഷണം മരിച്ചു. ജിതേന്ദ്രയുടെ തോളെല്ലും വാരിയെല്ലും പൊട്ടി. ഇളയ മകൻ സർവേഷിന് നിസാര പരിക്കേറ്റു. നയാൻ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.
ഈ സമയം അതുവഴി പോയ മറ്റ് യാത്രക്കാർ അറിയിച്ചത് പ്രകാരം ഉടൻ പൊലീസ് എത്തി രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ഹുറൈമില ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമല്ലാത്തതിനാൽ അവിടെ അഡ്മിറ്റ് ചെയ്തില്ല. തുടർന്ന് രാത്രി തന്നെ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഹുറൈമില എത്തി രണ്ടുപേരെയും റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജിതേന്ദ്രയെ അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയമാക്കി. പരിക്കുകൾ ഭേദമായി വരുന്നു. സർവേഷും സുഖം പ്രാപിക്കുന്നു.
ഹുറൈമില ആശുപത്രി മോർച്ചറിയിലുള്ള സരിഗയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിൽ പൂർത്തിയായി വരികയാണ്. മുംബൈ സ്വദേശികളായ ഉമേഷ്, ഭാരത്, പരിഷിത്ത്, സന്തോഷ്, സുദർശൻ, സൗദി പൗരൻ മുഹമ്മദ് അൽ അജ്മി, തമിഴ്നാട് സ്വദേശി ലോക്നാഥ് എന്നിവരും സഹായത്തിനായുണ്ട്. മരിച്ച സരിഗയുടെ പിതാവ് ഭാനുദാസ്. മാതാവ്: ജഗു ബായി. മൃതദേഹം കോലാപ്പൂരിലുള്ള ഭർതൃവീട്ടിലേക്കാണ് കൊണ്ടുപോകുക.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക