റിയാദ്: സഊദിയിലെ ചില പള്ളികളിൽ വെള്ളിയാഴ്ച (ഖുത്ബ) പ്രസംഗത്തിനും നമസ്കാരത്തിന് നേതൃത്വം നൽകാനും അനുമതിയില്ലാതെ പകരക്കാരെ നിയമിച്ച ഇമാമുമാരെ സഊദി ഇസ്ലാമിക മന്ത്രാലയം പിരിച്ചുവിട്ടു.
മന്ത്രാലയത്തെ അറിയിക്കാതെ വെള്ളിയാഴ്ച ‘ഖുത്ബ’ (പ്രഭാഷണം) നിർവഹിക്കാൻ പകരം ആളുകളെ നിയോഗിച്ചതിനാണ് നിരവധി ഇമാമുമാരെ പിരിച്ചുവിട്ടത്.
വെള്ളിയാഴ്ച പ്രസംഗത്തിനുള്ള വിഷയം മന്ത്രാലയം മുൻകൂട്ടി നിശ്ചയിച്ച് വിജ്ഞാപനം അയക്കുകയാണ് പതിവ്. ഇത് അവഗണിച്ച് സ്വന്തം വിഷയം തെരഞ്ഞെടുത്ത് പ്രസംഗം നിർവഹിക്കാൻ മന്ത്രാലയം അനുവദിക്കാറില്ല.
ഇത്തരത്തിൽ മന്ത്രാലയ വിജ്ഞാപനത്തിന് വിരുദ്ധമായി പ്രഭാഷണം നടത്തിയത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പല ഇമാമുമാരും അനുമതി വാങ്ങാതെ പകരക്കാരെ അയച്ച് ഖുത്ബ നടത്തുന്നതായി കണ്ടെത്തിയത്.