തായിഫ്: തായിഫിലെ പൊതു ബസ് ഗതാഗത പദ്ധതിക്കായി തായിഫ് മുനിസിപ്പാലിറ്റി 100 മില്യൺ റിയാലിന്റെ രണ്ട് കരാറുകളിൽ ഒപ്പുവച്ചു.
പദ്ധതി നടത്തിപ്പിനായി സഊദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയുമായി (സാപ്‌റ്റ്‌കോ) അഞ്ച് വർഷം നീണ്ടുനിൽക്കുന്ന ആദ്യ കരാർ ഒപ്പിട്ടു.
പൊതു ബസ് ഗതാഗത ശൃംഖലയ്ക്ക് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനായി സാറാ അൽ മനാമ കമ്പനിയുമായി 360 ദിവസത്തെ രണ്ടാമത്തെ കരാറിലും ഒപ്പുവച്ചു.
ഗവർണറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഒമ്പത് പ്രധാന റൂട്ടുകളിലൂടെ രണ്ട് ദശലക്ഷത്തിലധികം ആളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതിലൂടെ 182 ബസ് സ്റ്റോപ്പുകളുണ്ടാകും.
18 മണിക്കൂർ പ്രവർത്തിക്കുന്ന 58 ബസുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. ഇത് തായിഫിലെ താമസക്കാർക്കും സന്ദർശകർക്കും അവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിലും സഹായകമാകും.