ഗള്‍ഫ് രാജ്യങ്ങളും ചൈനയും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ യുഗം: സഊദി കിരീടവകാശി

0
1439

റിയാദ്: ഗള്‍ഫ്-ചൈന സഹകരണം ശക്തമാക്കാനുള്ള എല്ലാവരുടെയും പൊതുതാല്‍പര്യമാണ് ഉച്ചകോടി പ്രതിഫലിപ്പിക്കുന്നതെന്നും ലോകത്ത് ഊര്‍ജത്തിന് വിശ്വസിക്കാവുന്ന ഉറവിടമായി ഗള്‍ഫ് രാജ്യങ്ങള്‍ തുടരുമെന്നും സഊദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ഗള്‍ഫ്-ചൈന ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കിരീടവകാശി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗള്‍ഫ് രാജ്യങ്ങളും ചൈനയും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ യുഗത്തിനാണ് ഈ ഉച്ചകോടി തുടക്കം കുറിച്ചിരിക്കുന്നത്. ആഗോള വെല്ലുവിളികള്‍ നേരിടാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ചൈനക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. ലോകത്തിന്റെയും ചൈനയുടെയും ഊര്‍ജ ആവശ്യം നിറവേറ്റുന്നതില്‍ വിശ്വസിക്കാവുന്ന ഉറവിടം എന്നോണമുള്ള പങ്ക് വഹിക്കുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ തുടരുമെന്നും കിരീടവകാശി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മേഖലയില്‍ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാന്‍ മുഴുവന്‍ ശ്രമങ്ങളും നടത്തുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ തുടരും. മേഖലയില്‍ നിന്ന് സായുധ മിലീഷ്യകള്‍ പുറത്തുപോകാതെ സുരക്ഷയും അഭിവൃദ്ധിയും കൈവരിക്കാന്‍ സാധിക്കില്ലെന്നും കിരീടവകാശി കൂട്ടിച്ചേർത്തു.

പ്രാദേശിക കറൻസികളിൽ പേയ്‌മെന്റ് സംവിധാനം സജീവമാക്കാൻ ഗൾഫ് രാജ്യങ്ങളുമായി യോജിച്ച ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ചൈനീസ് പ്രസിഡന്റ്ഷി ജിൻ പിംഗ് പറഞ്ഞു. ഭീകരതയെ ചെറുക്കുന്നതിനും ഇറാനിയൻ ആണവ പദ്ധതി ചർച്ച ചെയ്യുന്നതിനും പങ്കാളിത്തവും ഊന്നലും നൽകുമെന്നും ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തമായ ഒരു പരിഹാരത്തിൽ എത്തിച്ചേരേണ്ടതുണ്ടെന്നും ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. സാംസ്കാരികം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, മാധ്യമം, കായികം, അക്കാദമിക് എന്നീ മേഖലകളിൽ നേതാക്കൾ ആശയവിനിമയവും സഹകരണവും പ്രോത്സാഹിപ്പിക്കുമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക