റിയാദ്: സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണപ്രകാരം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് റിയാദിലെത്തി. കിംഗ് ഖാലിദ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അബ്ദുല്‍ അസീസ്, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഊഷ്മളമായ സ്വീകരണമാണ് ചൈനീസ് പ്രസിഡന്റിന് ലഭിച്ചത്. പര്‍പ്ള്‍ പരവതാനി വിരിക്കുകയും പീരങ്കിവെടി മുഴക്കുകയും ചെയ്തു.
ഉച്ചകോടികളിൽ എല്ലാ മേഖലകളിലും സംയുക്ത ബന്ധം
ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും സാമ്പത്തിക, വികസന സഹകരണത്തിനുള്ള സാധ്യതകളും ചർച്ചയാകും.
സന്ദർശന വേളയിൽ, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാന്നിധ്യത്തിൽ സൽമാൻ രാജാവിന്റെയും ചൈനീസ് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ സൗദി – ചൈനീസ് ഉച്ചകോടി നടക്കും.
കൂടാതെ, ഗൾഫ് കോർപ്പറേഷൻ കൗൺസിലിലെയും അറബ് നേതാക്കളുടെയും സാന്നിധ്യത്തിൽ സഹകരണത്തിനും വികസനത്തിനുമായി റിയാദ്-ഗൾഫ്-ചൈനീസ് ഉച്ചകോടി, റിയാദ്- ചൈനീസ്-അറബ് ഉച്ചകോടി, എന്നിവയും അരങ്ങേറും. ഗൾഫിലെയും അറബ് രാജ്യങ്ങളിലെയും രാഷ്ട്ര തലവന്മാർ ഉച്ചകോടികളിൽ പങ്കെടുക്കും.