റിയാദ്: രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ ഒരാഴ്ചയ്ക്കുള്ളിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ച 14,133 പേരെ അറസ്റ്റ് ചെയ്തു.
നവംബർ 24 മുതൽ 30 വരെയുള്ള ആഴ്ചയിൽ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത ഫീൽഡ് കാമ്പെയ്‌നിനിടെയാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഊദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘനം നടത്തുന്നവരെ പിടികൂടുന്നതിനുള്ള റെയ്ഡുകൾ വിവിധ പ്രദേശങ്ങളിൽ ശക്തമായി തുടരുകയാണ്.
നവംബർ 24 മുതൽ 30 വരെയുള്ള കാലയളവിൽ താമസ നിയമ ലംഘനം നടത്തിയതിന് 8,148 പേരെയും അനധികൃതമായിa രാജ്യത്തിന്റെ അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,859 പേരെയും തൊഴിൽ സംബന്ധമായ ചട്ടങ്ങൾ പാലിക്കാത്ത 2,126 പേരെയും അറസ്റ്റ് ചെയ്തതായി മന്ത്രാലയം റിപ്പോർട്ടിൽ വ്യക്തമാക്കി.
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 377 പേരിൽ 51 ശതമാനം പേർ യമനികളും 37 ശതമാനം എത്യോപ്യക്കാരും 12 ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 40 പേരെയും നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും ഒമ്പത് പേരെയും അറസ്റ്റ് ചെയ്തു.
ഒരു നുഴഞ്ഞുകയറ്റക്കാരന് രാജ്യത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുകയോ അവർക്ക് ഗതാഗതമോ അഭയമോ ഏതെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 1 ദശലക്ഷം റിയാൽ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു.