നെടുമ്പാശേരി: ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം നെടുമ്പാശേരിയിൽ പിടികൂടി.
നെടുമ്പാശേരിയിൽ അടിയന്തരമായി ഇറക്കേണ്ടി വന്ന വിമാനത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശിയാണ് കസ്റ്റംസിന്റെ പിടിയിലായത്.
ജിദ്ദയിൽ നിന്നു കരിപ്പൂർ വിമാനത്താവളം വഴി കടത്താനിരുന്ന സ്വർണമാണ് എറണാകുളം കസ്റ്റംസ് പിടികൂടിയത്. മലപ്പുറം സ്വദേശി സമദ് ആണ് പിടിയിലായത്. അരയിൽ തോർത്തു കെട്ടി അതിനകത്ത് ഒളിപ്പിച്ച 1650 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്.
ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന്
ഇന്നലെ ജിദ്ദയിൽനിന്നു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം കോഴിക്കോട് ഇറക്കാനാവാതെ കൊച്ചിയിലേക്കു വഴി തിരിച്ചു വിടുകയായിരുന്നു.
യാത്രക്കാരെ മുഴുവൻ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കി ടെർമിനലിലേക്കു മാറ്റിയിരുന്നു.
തുടർന്ന് ഇവരെ മറ്റൊരു വിമാനത്തിൽ കരിപ്പൂരിലേക്കു
കൊണ്ടുപോകുന്നതിനായി സുരക്ഷാ പരിശോധന നടത്തുമ്പോഴാണ് സമദ് പിടിയിലായത്.
ഇവിടെ രണ്ടിലേറെ തവണ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.