രണ്ടാമത് റെഡ് സീ ഫിലിം ഫെസ്റ്റിവലിന് ജിദ്ദയിൽ തുടക്കമായി; ഷാരൂഖ് ഖാനോടൊപ്പം എ ആർ റഹ്മാനേയും ചടങ്ങിൽ ആദരിച്ചു

0
966

ജിദ്ദ: രണ്ടാമത് റെഡ് സീ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിന് ജിദ്ദയിൽ തുടക്കമായി. ഇന്ത്യയിൽ നിന്നും നടൻ ഷാരൂഖ് ഖാൻ, നടിമാരായ പ്രിയങ്ക ചോപ്ര, കാജൽ, സംഗീതജ്ഞൻ എ.ആർ റഹ്മാൻ എന്നിവരും വിവിധ സെഷനിൽ ഫെസ്റ്റിവൽ വേദിയിലെത്തി.

സൗദി നടി മില അൽസഹ്‌റാനി, ഈജിപ്ഷ്യൻ അഭിനേതാക്കളായ ഹുസൈൻ ഫഹ്മി, യൊസ്‌റ, നെല്ലി കരീം, ഹോളിവുഡ് അഭിനേതാക്കളായ മിക്കല്ലേ റോഡ്രിഗസ്, ലൂസി ഹെയ്ൽ, ലെബനീസ് അഭിനേതാക്കളായ നിക്കോളാസ് മൗവാദ്, നദീൻ നാസിബ് നജീം, ഓസ്‌ട്രേലിയൻ താരങ്ങളായ നദീൻ നാസിബ് നജീം തുടങ്ങിയവരും എത്തിയിരുന്നു.

ചടങ്ങിൽ നടൻ ഷാരൂഖ് ഖാനോടൊപ്പം സംഗീതജ്ഞൻ എ.ആർ റഹ്മാനേയും ആദരിച്ചു.

തന്റെ സിനിമകളെ എല്ലായിപ്പോഴും പിന്തുണക്കുന്ന സൗദിയിലെ ആരാധകർക്കിടയിൽ എത്താനായത് അതിശയകരമാണെന്നും റെഡ് സീ ഫിലിം ഫെസ്റ്റിവലിൽനിന്നും ഇത്തരത്തിലൊരു പുരസ്‌കാരം നേടാന്‍ കഴിഞ്ഞത് അഭിമാനമായെന്നും ഷാരൂഖ് ഖാൻ പറഞ്ഞു. ശ്രദ്ധേയനായ പ്രതിഭയും ആഗോള സൂപ്പർസ്റ്റാറുമായ ഷാരൂഖ് ഖാനെ ആദരിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും ആദ്യകാലം മുതലെ അദ്ദേഹം സൗദി പ്രേക്ഷകരെ ആകർഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഇന്ന് ലോകത്തിലെ ഏറ്റവും പ്രശസ്തരായ നടന്മാരിൽ ഒരാളാണ് അദ്ദേഹമെന്നും ഫിലിം ഫെസ്റ്റിവൽ സി.ഇ.ഒ മുഹമ്മദ് അൽതുർക്കി പറഞ്ഞു.

ഷാരൂഖ് ഖാനും കാജളും അഭിനയിച്ച ബോളിവുഡിലെ എക്കാലത്തെയും റൊമാന്റിക് സൂപർ ഹിറ്റ് സിനിമയായ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ’ ഉദ്‌ഘാടന ദിനത്തിൽ പ്രദർശിപ്പിച്ചു. സിനിമാ പ്രദർശനങ്ങൾക്ക് പുറമേ, ചലച്ചിത്ര പ്രവർത്തകരും അഭിനേതാക്കളും അവരുടെ കരിയറിനെ കുറിച്ച് സംസാരിക്കുന്ന പ്രത്യേക സെഷൻ ഫെസ്റ്റിവലിൽ നടക്കും. ഹോളിവുഡ് താരങ്ങളായ ഷാരോൺ സ്റ്റോൺ, ആൻഡി ഗാർഷ്യ, ലെബനൻ സംവിധായികയും നടിയുമായ നദീൻ ലബാകി, ഇന്ത്യൻ നടൻ രൺബീർ കപൂർ തുടങ്ങി നിരവധി പ്രശസ്ത വ്യക്തികൾ ഈ സെഷനിൽ പങ്കെടുക്കും.