ജിദ്ദ: “നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം” എന്ന തലക്കെട്ടിൽ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം 2022 ഡിസംബർ 29 മുതൽ 2023 ജനുവരി ഒന്ന് വരെ കോഴിക്കോട് സ്വപ്ന നഗരിയിൽ വെച്ച് നടക്കുമെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി. പി അബ്ദുല്ല കോയ മദനി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അഞ്ചു വർഷം കൂടുമ്പോഴാണ് മുജാഹിദ് പ്രസ്ഥാനത്തിലെ എല്ലാ ഘടകങ്ങളും ചേർന്ന് സമ്മേളനം സംഘടിപ്പിക്കുന്നത്. 1979- ൽ പുളിക്കലിൽ നിന്ന് ആരംഭിച്ച സംസ്ഥാന സമ്മേളനങ്ങൾ ഫറോക്ക്, കുറ്റിപ്പുറം, പാലക്കാട്, പിലാത്തറ എറണാകുളം, ചങ്ങരംകുളം, അഴിഞ്ഞിലം, കൂരിയാട്എന്നീ സ്ഥലങ്ങളിൽ വെച്ച് നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
മതം കൊണ്ട് മനുഷ്യരെ ഭയപ്പെടുത്തുന്ന, മതം കൊണ്ട് മനുഷ്യരെ ഭിന്നിപ്പിക്കുന്ന, മതം കൊണ്ട് മനുഷ്യരെ ചൂഷണം ചെയ്യുന്ന, മതത്തിന്റെ പേരിൽ നരബലിയും അക്രമവും വ്യാപിക്കുന്ന സാഹചര്യത്തിൽ മതം മനുഷ്യന് നിർഭയത്വം നൽകുന്നുവെന്നു പറയാൻ ശ്രമിക്കുകയാണ് മുജാഹിദ് പ്രസ്ഥാനം. ഇന്ത്യയുടെ മതനിരപേക്ഷ നിലപാടുകൾ സംരക്ഷിക്കുമ്പോഴാണ് അഭിമാനത്തോടുകൂടി ഇവിടെ ജീവിക്കാൻ കഴിയുക എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് സമ്മേളന പ്രചാരണത്തിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വർഗീയതയും തീവ്രവാദവും സമൂഹം നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കുകയും പരസ്പര വിശ്വാസം തകർക്കുകയും ചെയ്യും. ഈ അപകടത്തെക്കുറിച്ച് സമൂഹത്തെ ഉണർത്തുക എന്നതും സമ്മേളനത്തിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാനപരമായ സഹവർത്തിത്വമാണ് മാനവ സമൂഹത്തിന്റെ ഭദ്രമായ നിലനിൽപ്പിനു വേണ്ടതെന്ന് സമ്മേളനം ഉണർത്തുന്നു. കോഴിക്കോട് സ്വപ്ന നഗരിയിൽ പ്രത്യേകം സജ്ജമാക്കുന്ന വിശാലമായ പന്തലിൽ വച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സ്വപ്ന നഗരിയിലെ ട്രേഡ് സെന്റർ രണ്ടാം വേദിയായിരിക്കും. നാലു വേദികളിലാണ് സെമിനാറുകളും ചർച്ചകളും നടക്കുക.
2023 ജനുവരി ഒന്ന് ഞായറാഴ്ച നാലുമണിക്ക് സമാപന സമ്മേളനം നടക്കും. ലോകപ്രശസ്ത പണ്ഡിതരും നേതാക്കളും ചതുർദിന സമ്മേളനത്തെ അഭിസംബോധന ചെയ്യും. കേന്ദ്ര – സംസ്ഥാന മന്ത്രിമാർ, വിദ്യാഭ്യാസ വിചക്ഷണർ, ചരിത്ര പണ്ഡിതർ, നിയമജ്ഞർ, വിവിധ മതമേലധ്യക്ഷന്മാർ,
സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
അന്ധവിശ്വാസങ്ങൾ, ലഹരി, തീവ്രവാദം, ഫാഷിസം, മത നിരാസം, മത വിരുദ്ധ ലിബറൽ ചിന്തകൾ തുടങ്ങിയ യുവ തലമുറയെ ലക്ഷ്യം വച്ച് നീങ്ങുന്ന തെറ്റായ പ്രവണതകൾക്കെതിരെ സമ്മേളനത്തിൽ ബോധവൽക്കരണം നടക്കും. രാജ്യത്തെ
ഏറ്റവും ശക്തമായ മതന്യൂനപക്ഷം എന്ന നിലയിൽ മുസ്ലിം സമൂഹം നേരിടുന്ന വെല്ലു വിളികളും അതിനുള്ള പരിഹാരങ്ങളും സമ്മേളനം ചർച്ച ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് ഏറ്റവും വലിയ വനിത സമ്മേളനവും ഒരുക്കുന്നുണ്ട്. യുവജന – വിദ്യാർത്ഥി സമൂഹം ഏറ്റെടുക്കേണ്ട ദൗത്യം ഓർമിപ്പിക്കുന്ന സെഷനുകൾ സമ്മേളനത്തിൽ ഒരുക്കിയിട്ടുണ്ട്. മതം, സംസ്കാരം, കല, സാഹിത്യം, നവോത്ഥാനം, വിദ്യാഭ്യാസം, ചരിത്രം പരിസ്ഥിതി, ഭിന്ന ശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹാരങ്ങൾ, പുതു തലമുറയുടെ പ്രതീക്ഷകൾ, ആരോഗ്യം, പ്രവാസം, ജൻഡർ എന്നീ വിഷയങ്ങളിൽ മുന്നൂറു പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
ജിദ്ദ സീസൺസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ എച്ച്. ഇ മുഹമ്മദ് ബാബു സേട്ട്(കെ എൻഎം വൈസ് പ്രസിഡന്റ്), ഡോ. ഹുസൈൻ മടവൂർ(കെ എൻ എം വൈസ് പ്രസിഡന്റ്), നൂർ മുഹമ്മദ് നൂർഷ (കെ എൻ എം ട്രഷറർ), ഡോ. എ. ഐ അബ്ദുൽ മജീദ് സ്വലാഹി(കെ എൻ എം സെക്രട്ടറി), അബ്ബാസ് ചെമ്പൻ (സഊദി നാഷണൽ സെക്രറി) തുടങ്ങിയവർ പങ്കെടുത്തു.