ലോകകപ്പ്: 15 രാജ്യങ്ങളും 10,000 കിലോമീറ്ററും സഞ്ചരിച്ച് നാലംഗ സംഘം സൈക്കിളിൽ ഖത്തറിലെത്തി

0
1454

ദോഹ: 15 രാജ്യങ്ങളും 10,000 കിലോമീറ്ററും സഞ്ചരിച്ച് നാലംഗ സംഘം സൈക്കിളിൽ ഖത്തറിലെത്തി.
ദക്ഷിണാഫ്രിക്കയിൽ നിന്ന് 177 ദിവസങ്ങൾ യാത്ര ചെയ്ത് കഴിഞ്ഞ ദിവസമാണ് നാലംഗ സംഘം ദോഹയിലെത്തിയത്.

അർജന്റീനയിൽ നിന്നുള്ള എഴുത്തുകാരൻ, അധ്യാപകൻ, ട്രാവൽ ഏജന്റ്, കണ്ടന്റ് പ്രൊഡ്യൂസർ എന്നിവരുൾപ്പെട്ട സംഘമാണ് സാഹസിക ദൗത്യത്തിനൊടുവിൽ ദോഹയിലെത്തിയത്.

കേപ്ടൗണിനും ദോഹക്കുമിടയിൽ 15 രാജ്യങ്ങളിലൂടെ 177 ദിവസങ്ങൾ നീണ്ട 10,000 കിലോമീറ്റർ സൈക്കിൾ യാത്ര അവിസ്മരണീയ അനുഭവമായിരുന്നെന്നാണ് നാലുപേരുടെയും പ്രതികരണം.

ലോകകപ്പ് കിക്കോഫിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോർണിഷിലെ കൗണ്ട്ഡൗൺ ക്ലോക്കിനു മുന്നിൽ അർജന്റീനിയൻ ആരാധകരുടെ ഒത്തുചേരലിനിടയിലേക്കാണ് നാലുപേരും സൈക്കിളോടിച്ചെത്തിയത്. മേയ് മാസത്തിലായിരുന്നു നാലംഗ സംഘത്തിന്റെ യാത്ര തുടങ്ങിയത്.  സാഹസിക ദിനങ്ങൾ പിന്നിട്ട് ദോഹയിലെത്താൻ കഴിഞ്ഞത് സന്തോഷകരമായ നിമിഷമാണെന്ന് പിഇ അധ്യാപകനായ ലൂക്കാസ് ലെഡെസ്മ പറഞ്ഞു.
യാത്രയിലുടനീളം മികച്ച വരവേൽപ്പാണ് ലഭിച്ചത്.

ആഫ്രിക്കയിലും മധ്യപൂർവദേശത്തെയും ജനങ്ങൾ വീടുകളിൽ താമസിക്കാനും ഭക്ഷണം പങ്കുവക്കാനും ക്ഷണിച്ചത് യാത്രയിലെ സന്തോഷകരമായ അനുഭവങ്ങളാണ്. ഓരോസ്ഥലത്തെയും സംസ്‌കാരത്തെക്കുറിച്ച് പഠിക്കാനും മനസിലാക്കാനും സാധിച്ചുവെന്നും ലെഡെസ്മ യാത്രാനുഭവം പങ്കുവെച്ചു.

ഇതാദ്യമായല്ല നാലംഗ സംഘം കായിക ടൂർണമെന്റുകളിലേക്ക് ദീർഘദൂര സൈക്കിൾ സവാരി നടത്തുന്നത്.  2016ൽ റിയോ ഒളിംപിക്സിലും 2018ൽ റഷ്യൻ ലോകകപ്പിലും പങ്കെടുക്കാൻ എത്തിയതും സൈക്കിളിൽ തന്നെയാണ്. അർജന്റീന മൂന്നാം തവണയും ലോകകപ്പ് നേടുമെന്നാണ് നാലംഗ സംഘത്തിന്റെ പ്രതീക്ഷ.