ജിദ്ദ: ഒ ഐ സി സി സഊദി വെസ്റ്റേൺ റീജിയണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 8 വർഷത്തോളമായി ഷറഫിയ്യയിൽ എല്ലാ ബുധനാഴ്ചകളിലും നടന്നു വരുന്ന ഒ ഐ സി സി ഹെൽപ് ഡെസ്ക്കിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മകറോണ സ്റ്റ്രീറ്റിലെ ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ നോർക്ക – പ്രവാസി ക്ഷേമ നിധി ഹെല്പ് സെൽ പ്രവർത്തനം ആരംഭിച്ചു. മലയാളികൾക്ക് ഏറെ സഹകരമായി പ്രവർത്തിക്കുന്ന ഒഐസിസി യൂടെ രണ്ടാമത്തെ ഹെല്പ് ഡെസ്കിന്റെ ഉദ്ഘാടനം ജെ എൻ എച്ച് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ വി. പി മുഹമ്മദലി നിർവഹിച്ചു. ആശുപത്രി ജീവനക്കാരായ മലയാളികൾക്കും കൂടാതെ സമീപപ്രദേശങ്ങളിലുള്ളവർക്കും നോർക ഐഡന്റിറ്റി കാർഡ് ലഭ്യമാക്കുവാനും ക്ഷേമനിധിയിൽ ചേരുവാനും സഹായകമാവുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
ചടങ്ങിൽ കെ ടി എ മുനീർ അധ്യക്ഷത വഹിച്ചു. ജോലിത്തിരക്കും മറ്റു പ്രയാസങ്ങളും കാരണം സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ പ്രവാസികൾ ഏറെ പിന്നിലാണ്. ഓൺലൈൻ സംവിധാനം പൂർണ്ണ രീതിയിൽ ഉപയിഗിക്കുവാനുള്ള പരിജ്ഞാനകുറവ് കൂടി കണക്കിലെടുത്താണ് ജിദ്ദയുടെ മാറിയ സാഹചര്യത്തിൽ കൂടുതൽ ഹെൽപ് ഡെസ്ക്കുകൾ ആരംഭിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
നോർക്ക ഐഡി കാർഡ് വിതരണം ജെ എൻ ച്ച് ഡയറക്ടർ വി. പി അലി മുഹമ്മദ് അലിയ്ക്കു നൽകി കൊണ്ട് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ ഇഖ്ബാൽ പൊക്കുന്നു നിർവഹിച്ചു. ഹെൽപ് ഡെസ്കിലൂടെ സഊദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലകളിലെ ആയിരകണക്കിന് മലയാളികൾക്ക് പ്രവാസി തിരിച്ചറിയൽ കാർഡും പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുപ്പിക്കുവാനും സാധിച്ചതായി ജനറൽ സെക്രട്ടറിയും ഹെൽപ്ഡെസ്ക് കൺവീനറുമായ നൗഷാദ് അടൂർ പറഞ്ഞു. ഓൺ ലൈൻ സംവിധാനത്തിലൂടെ പ്രവാസി പെൻഷൻ പദ്ധതിയിൽ വിഹിതം അടക്കുവാനും സൗകര്യമുണ്ടെന്നു നാഷണൽ കമ്മിറ്റി സെക്രട്ടറിയും ക്ഷേമനിധി ഹെല്പ് സെൽ കൺവീനറുമായ നാസിമുദ്ധീൻ മണനാക് പറഞ്ഞു.
ജെ എൻ ച്ച് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അഷറഫ്, ഒ ഐ സി സി ഭാരവാഹികളായ അലി തേക്കുതോട്, മുജീബ് മൂത്തേടത്ത്, കെ. അബ്ദുൽ കാദർ, ഇർഷാദ് ആലപ്പുഴ, സമീർ നദവി കുറ്റിച്ചൽ, മൻസൂർ വണ്ടൂർ, ടി. കെ അഷറഫ്, സൈമൺ പത്തനംത്തിട്ട, സിദ്ദിഖ് ചോക്കാട്, റഫീഖ് മൂസ ഇരിക്കൂർ, എൻ കെ സുബ്ഹാൻ, ഉണ്ണികൃഷ്ണൻ പാലക്കാട്, നവാസ് കണ്ണൂർ, ഗഫൂർ പറാഞ്ചേരി എന്നിവർ സംസാരിച്ചു. എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് 4 മണി മുതൽ 8 മണിവരെയാണ് മകറോണയിലെ ഒഐസിസി ഹെല്പ് ഡെസ്കിന്റെ പ്രവർത്തന സമയമെന്നു ഭാരവാഹികൾ അറിയിച്ചു.