“ദി വോയ്‌സ് ഓഫ് സഊദി അറേബ്യ” എന്ന പേരിൽ “ടിക് ടോക്ക്” പ്ലാറ്റ്‌ഫോമിൽ സംഗീത മത്സരം ആരംഭിക്കുന്നു

0
917

റിയാദ്: “ദി വോയ്‌സ് ഓഫ് സഊദി അറേബ്യ” എന്ന പേരിൽ “ടിക് ടോക്ക്” പ്ലാറ്റ്‌ഫോമിൽ അന്താരാഷ്ട്ര സംഗീത മത്സരം ആരംഭിക്കുന്നതായി സഊദി മ്യൂസിക് അതോറിറ്റി പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര സോഷ്യൽ പ്ലാറ്റ്‌ഫോമിൽ സഊദി സംഗീതത്തിന്റെ സാന്നിധ്യം വർദ്ധിപ്പിക്കുകയും യുവ പ്രതിഭകൾക്ക് അവരുടെ സംഗീതവും ഗാനരചനയും കഴിവുകളും പ്രദർശിപ്പിക്കാൻ അനുവദിക്കുകയും ചെയ്യുന്ന ഒരു മത്സര മേഖല സൃഷ്ടിക്കുന്നതാണി പദ്ധതി.

മേഖലയെ സമ്പന്നമാക്കുന്നതിനും പ്രാദേശിക സംഗീത പ്രതിഭകളെ ശാക്തീകരിക്കുന്നതിനും സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അറബ് മേഖലയിൽ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ഏറ്റവും വിപുലമായ പ്രക്രിയയായാണ് അതോറിറ്റി ഈ മത്സരത്തെ കാണുന്നതെന്ന് മ്യൂസിക് അതോറിറ്റിയുടെ സിഇഒ സുൽത്താൻ അൽ ബസായ് വിശദീകരിച്ചു.

മികച്ച പ്രതിഭകലേ തിരഞ്ഞെടുക്കുന്നതിനായി പൊതുജനങ്ങൾക്ക് വോട്ടുചെയ്യാനുള്ള അവസരവും ഉണ്ടാകും. പങ്കെടുക്കുന്നവരുടെ സംഗീത കഴിവുകൾ വികസിപ്പിക്കുന്നതിന് പ്രത്യേക പിന്തുണ നൽകാനാകും.

സഊദിയുടെ കലകളുടെയും സംസ്‌കാരത്തിന്റെയും സമൃദ്ധി പ്രതിഫലിപ്പിക്കുന്ന ശബ്ദത്തിൽ പാടാൻ കഴിവുള്ള വ്യക്തികൾക്കായി തുറന്നിരിക്കുന്ന വെർച്വൽ തിയേറ്റർ എന്ന നിലയിലാണ് “വോയ്‌സ് ഓഫ് സഊദി അറേബ്യ” മത്സരം നടക്കുക. വിവിധ തരത്തിലുള്ള സംഗീതോപകരണങ്ങൾ വായിക്കുക, അവ ഉപയോഗിച്ച് ആലപിക്കുക, രചിക്കുക, നിർമ്മിക്കുക, കംപോസ് ചെയ്യുക എന്നിവയുൾപ്പെടെയുള്ളവയിൽ കഴിവ് തെളിയിക്കാനാകും. സഊദി അറേബ്യയിൽ താമസിക്കുന്ന പ്രതിഭകൾക്ക് പുറമേ, ലോകമെമ്പാടുമുള്ള സഊദി പ്രതിഭകൾക്കും “ടിക് ടോക്ക്” പ്ലാറ്റ്‌ഫോമിൽ നേരിട്ട് മത്സരത്തിൽ പങ്കെടുക്കാം.

മത്സരം, വിജയികൾക്ക് അവരുടെ യഥാർത്ഥ സൃഷ്ടികൾ നിർമ്മിക്കാനും പ്രാദേശിക തലത്തിലെ പ്രധാന സംഗീത പരിപാടികളിൽ അവതരിപ്പിക്കാനുള്ള അവസരവുമുണ്ടാകും. മത്സരത്തിലെ വിജയികൾക്ക് 10 വലിയ സമ്മാനങ്ങൾ വരെ മ്യൂസിക് അതോറിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്. ഹാഷ്‌ടാഗിൽ (#Voice_Saudi) പ്രസിദ്ധീകരിച്ച വീഡിയോ ഇതിനകം തന്നെ 230 ദശലക്ഷത്തിലധികം ആളുകളാണ് വീക്ഷിച്ചത്. പരിപാടിയുടെ സ്വീകാര്യതയാണ് ഇത് സൂചിപ്പിക്കുന്നത്.