ദുബൈ: ശനിയാഴ്ച (8) ദുബായ് അൽ നാസർ ക്ലബിൽ നടക്കുന്ന ബികെകെ കിക്ക് ബോക്സിങ് ചാംപ്യൻഷിപ്പിൽ പാക്കിസ്ഥാന്റെ ഷക്കീൽ അബ്ദുല്ലയുമായി പോരാട്ടത്തിനൊരുങി മലയാളി ഫൈറ്റർ മുഹമ്മദ് ഷുഹൈബ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജയത്തിൽ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നില്ലെന്നും എതിരാളി ആരെന്നത് ഞാൻ നോക്കാറില്ലെന്നും പറഞ്ഞ ഷുഹൈബ്, ദുബായില്‍ പോരാടേണ്ടത് പാക്കിസ്ഥാൻ സ്വദേശി ആണെന്ന സമ്മർദമൊന്നും തനിക്കില്ലെന്നും കൂട്ടിച്ചേർക്കുന്നു.
തൃശൂർ കരൂപ്പടന്ന സ്വദേശിയായ ഷുഹൈബ് രണ്ടു മാസത്തോളമായി ദുബായിലെത്തി പരിശീലനത്തിലാണ്. ഇന്ത്യയിൽ കിക്ക് ബോക്സിങിന് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതിനാലാണ് ദുബായിൽ ഈജിപ്ഷ്യൻ ഫൈറ്ററിന് കീഴിൽ പരിശീലനം തേടേണ്ടി വന്നത് കിക്ക് ബോക്സിങ് ഇടിക്കൂട്ടിലെ വേറിട്ട ‘തല്ല്’ ആണെന്നതിനാൽ മാസങ്ങളായി ദുബായ് ചാംപ്യൻഷിപ്പിനായുള്ള ഒരുക്കത്തിലാണ് ഈ യുവാവ്.
പിതാവ് നജീബിന്‍റെ ആയോധന കലയോടുള്ള ഇഷ്ടമാണ് ഷുഹൈബിനെ ബോക്സിങ് റിങ്ങിലെത്തിച്ചത്. നജീബ് മക്കളെയും കുഞ്ഞുനാളിൽ തന്നെ അക്കാദമിയിൽ ചേർത്തു. എന്നാൽ, ഷുഹൈബ് മാത്രമാണ് ഇത് പ്രഫഷനായി സ്വീകരിച്ചത്. സാധാരണ ബോക്സിങ്ങിലായിരുന്നു തുടക്കമെങ്കിലും പിന്നീട് കിക്ക് ബോക്സിങ്ങിലേയ്ക്ക് മാറുകയായിരുന്നു.
സാധാരണ ബോക്സിങിനെ അപേക്ഷിച്ച് കൂടുതൽ അപകടകാരിയാണ് കിക്ക് ബോക്സിങ്. കേരളത്തിലും കിക്ക് ബോക്സിങിന് അത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന പരാതിയും താരത്തിനുണ്ട്. എന്നാൽ, കിക്ക് ബോക്സിങിലെ മൊയ്തായി അസോസിയേഷൻ നാട്ടിൽ സജീവമാണ്. അതിനാൽ, മൊയ്തായിയാണ് ഷുഹൈബും പ്രഫഷനലായി സ്വീകരിച്ചിരിക്കുന്നത്.
60 അമേച്വർ ഫൈറ്റിൽ 58 എണ്ണത്തിലും എതിരാളികളെ ഇടിച്ചു തോൽപ്പിച്ചവനാണ് ഷുഹൈബ്. ആറോളം ദേശീയ ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്തു. രാജ്യാന്തര മത്സരത്തിൽ 2019ൽ വെള്ളി മെഡൽ നേടി. പ്രോഫൈറ്റിൽ 14 എണ്ണം വിജയിച്ചു. നേരത്തെ മാർഷ്യൽ ആർട്സ് അക്കാദമിയിൽ ദുബായിൽ ജോലി ചെയ്തിരുന്നു. രണ്ടാം വരവിലെ പ്രധാന ലക്ഷ്യം പക്ഷേ, ദുബായിലെ വേൾഡ് കിക്ക് ബോക്സിങ് ചാംപ്യൻഷിപ്പ് മാത്രം, ഒപ്പം ലോകചാംപ്യൻഷിപ്പും.