അബുദാബിയിലെ റസ്റ്റോറന്റ് PIF ന്റെ ഹവാല ഇടപാടിന്റ കേന്ദ്രമെന്ന്, വ്യാജ രസീതുകളുണ്ടാക്കിയെന്നും ഇ ഡി

0
2201

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന് വന്‍തോതില്‍ പണം വന്നത് ഹവാല ഇടപാടുകളിലൂടെയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സംഘടനയുടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ടെന്നും ഇവര്‍ വഴിയാണ് ഇന്ത്യയിലേക്ക് ഹവാല ഇടപാടുകളിലൂടെ പണം അയച്ചതെന്നുമാണ് ഇ.ഡി. വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

120 കോടി രൂപയില്‍ ഭൂരിഭാഗവും ഇന്ത്യയില്‍നിന്ന് ലഭിച്ച സംഭാവനകളാണെന്നായിരുന്നു നേരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ വാദം. എന്നാല്‍ ഈ അവകാശവാദത്തിന് വിരുദ്ധമായ കാര്യങ്ങളാണ് ഇ.ഡി. ചൂണ്ടിക്കാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അബുദാബിയിലെ ഒരു റെസ്റ്റോറന്റ് കേന്ദ്രീകരിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാരവാഹികള്‍ ഹവാല ഇടപാടുകള്‍ നടത്തിയിരുന്നത്. നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബി.പി. അബ്ദുള്‍ റസാഖായിരുന്നു അബുദാബിയിലെ റെസ്റ്റോറന്റ് വഴിയുള്ള കള്ളപ്പണ ഇടപാടുകളില്‍ പങ്കുവഹിച്ചിരുന്നത്.

ഇയാളുടെ സഹോദരനായിരുന്നു റെസ്‌റ്റോറന്റ് നോക്കിനടത്തിയിരുന്നത്. ഇയാള്‍ വഴിയാണ് അബ്ദുള്‍ റസാഖിന്‌ പണം ലഭിച്ചിരുന്നതെന്നും അബ്ദുള്‍ റസാഖിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനി വഴിയും കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

പോപ്പുലര്‍ ഫ്രണ്ട് ഗള്‍ഫ് നാടുകളില്‍നിന്ന് പണം സമാഹരിച്ചശേഷം വ്യാജ സംഭാവന രസീതുകളുണ്ടാക്കി ഇന്ത്യയിലെ അധികൃതരെ കബളിപ്പിച്ചെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. അബുദാബിയിലെ റെസ്റ്റോറന്റിന്റെ ഉടമയും പോപ്പുലര്‍ ഫ്രണ്ടിന്റെ എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന എം.കെ. അഷ്‌റഫാണ് ഗള്‍ഫില്‍നിന്നുള്ള ഹവാല ഇടപാടുകളുടെ മുഖ്യസൂത്രധാരനെന്നാണ് ഇ.ഡി. അന്വേഷണസംഘം പറയുന്നത്. പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതി കൂടിയാണ് ഇയാള്‍.

അതേസമയം, രാജ്യത്തുടനീളമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെ സംഘടനയെ നിരോധിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. നിരോധനം സംബന്ധിച്ച കോടതിയിലും മറ്റുമുള്ള വെല്ലുവിളികള്‍ മറികടക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തി വരികയാണ്.

1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിന്റെ (യുഎപിഎ) 35-ാം വകുപ്പ് പ്രകാരം നിരോധിക്കപ്പെട്ട 42 തീവ്രവാദ സംഘടനകളുടെ പട്ടികയിലാകും പോപ്പുലര്‍ ഫ്രണ്ടിനേയും ഉള്‍പ്പെടുത്തുക.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രഹസ്യാന്വേഷണ ഏജന്‍സികളും പിഎഫ്‌ഐയെ യുഎപിഎ നിയമപ്രകാരം നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.