റിയാദ്: വിദേശികള്‍ കൂടുതലായി എത്തിയതും താമസ പദ്ധതികളിലുണ്ടായ വീഴ്ചയും കാരണം യാതൊരു പ്ലാനിംഗോ നിരീക്ഷണമോ ഇല്ലാതെയാണ് ജിദ്ദയില്‍ നഗരവികസനം നടന്നതെന്ന് ജിദ്ദ നഗരസഭ മേയര്‍ സാലിഹ് അല്‍തുര്‍ക്കി വ്യക്തമാക്കി.
റിയാദ് ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ നടന്നുവരുന്ന വിശിഷ്ട നഗരപദ്ധതികള്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദയിലെയും റിയാദിലെയും നഗരവികസനത്തെ കുറിച്ചുള്ള പ്രദര്‍ശനവും ഇവിടെ നടന്നുവരുന്നുണ്ട്.

ജിദ്ദയിലെ ചില സംഘങ്ങളും താമസക്കാരും ഭൂമി കൈക്കലാക്കി മുറിച്ച് വിൽപന നടത്തിയെന്നും
ഇത് ഈ പ്രദേശങ്ങളെ ജിദ്ദയുടെ നഗര സ്വത്വത്തിൽ നിന്ന് അകറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതു കാരണം രൂപപ്പെട്ട ചേരികളില്‍ സര്‍ക്കാറിന് അനുബന്ധ സേവനങ്ങള്‍ നല്‍കേണ്ടി വന്നു.
എന്നാല്‍ സര്‍ക്കാര്‍ ഈ പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് മാനുഷിക പരിഗണന നല്‍കിയിരുന്നു. ഇത്തരം പ്രദേശങ്ങളില്‍ ചില സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമായിരുന്നില്ല. ഈ ഭാഗത്തെ ഭൂവുടമകളോട് ഭൂമിയുടെ യഥാര്‍ഥ രേഖ സമര്‍പ്പിക്കാന്‍ സാവകാശം നല്‍കിയിട്ടും ഫലമുണ്ടായില്ല. സര്‍ക്കാര്‍, സ്വകാര്യ ഭൂമികള്‍ കയ്യേറാന്‍ ലോകത്ത് ഒരു രാജ്യവും അനുവദിക്കില്ലെന്നും അത് കൊണ്ടാണ് ചേരി ഒഴിപ്പിക്കല്‍ പദ്ധതി നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.