റിയാദ്: റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധ തടവുകാരുടെ കൈമാറ്റത്തിന്റെ ഭാഗമായി
റഷ്യയിൽ നിന്ന് 10 തടവുകാരെ മോചിപ്പിക്കാൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മധ്യസ്ഥത വിജയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മോറോക്കൻ, യുഎസ്, യുകെ, സ്വീഡിഷ്, ക്രൊയേഷ്യൻ പൗരന്മാരും മോചിതരായ യുദ്ധത്തടവുകാരിൽ ഉൾപ്പെടുന്നു.

സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ യുദ്ധത്തടവുകാരെ റഷ്യയില്‍ നിന്ന് സ്വീകരിച്ച് സൗദിയിലെത്തിച്ചു. സ്വദേശങ്ങളിലേക്കുള്ള ഇവരുടെ മടക്കയാത്രക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്. യുദ്ധത്തടവുകാരെ വിട്ടയക്കുന്ന കാര്യത്തില്‍ കിരീടാവകാശി നടത്തിയ ശ്രമങ്ങളുമായി സഹകരിക്കുകയും പ്രതികരിക്കുകയും ചെയ്ത റഷ്യന്‍, ഉക്രൈന്‍ ഗവണ്‍മെന്റുകള്‍ക്കുള്ള സൗദി അറേബ്യയുടെ നന്ദി വിദേശ മന്ത്രാലയം അറിയിച്ചു.
കിരീടാവകാശി ജിദ്ദയിൽ യുക്രെയിൻ പ്രസിഡൻറിന്റെ ഉപദേശകനും പ്രത്യേക ദൂതനുമായ റുസ്തം ഒറിയോവുമായി കൂടിക്കാഴ്ച നടത്തിയത് ചൊവ്വാഴ്ചയായിരുന്നു. റഷ്യൻ – യുക്രെയിൻ പ്രതിസന്ധി രാഷ്ട്രീയമായി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും സൗദിയുടെ പിന്തുണ കൂടിക്കാഴ്ചക്കിടയിൽ കിരീടാവാകാശി ഉറപ്പുനൽകിയിരുന്നു.
ജൂണിൽ ഗൾഫ് സഹകരണ കൗൺസിലിലെ വിദേശകാര്യ മന്ത്രിമാർ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി റിയാദിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രെയിനിലെ പ്രതിസന്ധിയിൽ ഗൾഫ് നിലപാട് ഏകീകൃതമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും വ്യക്തമാക്കിയിരുന്നു.