കാമുകനെ വിവാഹം ചെയ്യാൻ മക്കളെ കൊലപ്പെടുത്തിയ യുവതിക്കും കാമുകനും വധശിക്ഷ

0
1500

കയ്‌റോ: കാമുകനെ വിവാഹം ചെയ്യാൻ വേണ്ടി മൂന്നു മക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തുകയും ഭർത്താവിനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ഈജിപ്ഷ്യൻ യുവതിക്ക് കോടതി വധശിക്ഷ വിധിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദക്ഷിണ കയ്‌റോയിലെ ഖിനാ ഗവർണറേറ്റിലെ നഗ ഹമാദി ക്രിമിനൽ കോടതിയാണ് 26 കാരിക്ക് വധശിക്ഷ വിധിച്ചത്. യുവതിയുടെ കാമുകനും വധശിക്ഷ വിധിച്ചിട്ടുണ്ട്.

മാസങ്ങൾക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം. ജ്യൂസ് കഴിച്ച് വിഷബാധയേറ്റ് അബോധാവസ്ഥയിൽ 32 കാരനെയും മൂന്നു മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഫർശൂത്ത് സെൻട്രൽ ആശുപത്രി സുരക്ഷാ വകുപ്പുകളെ അറിയിക്കുകയായിരുന്നു. ചികിത്സകൾക്കിടെ മക്കൾ മൂന്നു പേരും ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. സമയോചിതമായ ചികിത്സകളിലൂടെ യുവാവ് രക്ഷപ്പെട്ടു.

തുടർന്ന് സുരക്ഷാ വകുപ്പുകൾ നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ ഭാര്യ ഡ്രൈവറായ 26 കാരനുമായി സ്‌നേഹത്തിലാണെന്നും കാമുകനെ വിവാഹം ചെയ്യാൻ വേണ്ടി യുവതി മക്കളെയും ഭർത്താവിനെയും വിഷം ചേർത്ത ജ്യൂസ് നൽകി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്നും വ്യക്തമായി. ചോദ്യം ചെയ്യലിൽ തങ്ങൾ തമ്മിൽ അവിഹിതബന്ധമുള്ളതായും ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്താൻ പരസ്പര ധാരണയിലെത്തിയതായും പ്രതികൾ സമ്മതിച്ചു.

യുവതിയുടെ ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്താൻ ആവശ്യമായ വിഷം എത്തിച്ചത് കാമുകനായിരുന്നു. കാമുകൻ വിഷം വാങ്ങി നാലു ബോട്ടിൽ ജ്യൂസുകളിൽ കലർത്തുകയും യുവതി ഇത് ഭർത്താവിനും മക്കൾക്കും നൽകുകയുമായിരുന്നു. കേടായ ജ്യൂസ് കഴിച്ചതാണ് മക്കളുടെയും ഭർത്താവിന്റെയും മരണത്തിന് കാരണമായതെന്ന് മറ്റുള്ളവരെ പറഞ്ഞുധരിപ്പിക്കാനായിരുന്നു യുവതിയുടെയും കാമുകന്റെയും പദ്ധതി.