ട്വന്റി20 ലോകകപ്പ്: യുഎഇയെ നയിക്കാൻ തലശ്ശേരി സ്വദേശി റിസ്‍വാൻ

ഇതാദ്യമാണ് ലോകകപ്പിൽ ഒരു മലയാളി താരം ക്യാപ്റ്റനാകുന്നത്

0
1435

അബുദാബി: ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ മലയാളി താരം സി.പി. റിസ്‍വാൻ യുഎഇ ടീമിനെ നയിക്കും. കണ്ണൂർ തലശ്ശേരി സൈദാർപള്ളി സ്വദേശിയായ യുവതാരം ഒസ്ട്രേലിയയിൽ അടുത്തമാസം നടക്കുന്ന ലോക കപ്പിൽ നായകന്റെ തൊപ്പി ധരിക്കും. ഇതാദ്യമാണ് ലോകകപ്പിൽ ഒരു മലയാളി താരം ക്യാപ്റ്റനാകുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളി കളിക്കാരായ ബാസിൽ ഹമീദും അലിഷാൻ ഷറഫുവും 15 അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്. വിഷ്ണു സുകുമാരനെ റിസർവ് സ്ക്വാർഡില്‍ ഉൾപ്പെടുത്തി. അതേസമയം, മുതിർന്ന താരം രോഹൻ മുസ്തഫക്ക് ടീമിൽ ഇടം ലഭിച്ചില്ല. ലോകകപ്പിനു മുന്നോടിയായി ഈ മാസം 25 മുതൽ യുഎഇ ബംഗ്ലദേശിനെതിരെ രണ്ട് ട്വന്റി20 മൽസരങ്ങൾ കളിക്കും.

ദുബായിൽ നടന്ന ഏഷ്യാ കപ്പ് 2022 യോഗ്യതാ മത്സരത്തിലും റിസ്‍വാൻ റൗഫായിരുന്നു യുഎഇയെ നയിച്ചത്. ഒക്ടോബർ 14ന് ആരംഭിക്കുന്ന ലോകകപ്പിന്‍റെ പ്രാഥമിക റൗണ്ടിലായിരിക്കും യുഎഇ ആദ്യം കളിക്കുക. എ ഗ്രൂപ്പിൽ ശ്രീലങ്ക, നെതർലൻഡ‍്സ്, നമീബിയ എന്നീ ടീമുകളാണ് യുഎഇയുടെ കൂടെ മത്സരിക്കുക.

മൽസരത്തിന് യോഗ്യത നേടിയത് യുഎഇ ക്രിക്കറ്റിന് പുതിയൊരു നാഴികകല്ലാണ് എമിറേറ്റ്സ് ക്രിക്കറ്റ് സെക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. തയ്ബ് കമാലി പറഞ്ഞു. ടീമിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കട്ടേ എന്നും അദ്ദേഹം ആശംസിച്ചു.

കുടുംബ സമേതം യുഎഇയിൽ താമസിക്കുന്ന റിസ്‌വാൻ അബ്ദുൽ റൗഫ്–നസ്രീൻ റൗഫ് ദമ്പതികളുടെ മകനാണ്. 2019 നേപ്പാളിനെതിരെയാണു രാജ്യാന്തര ഏക ദിനത്തിൽ അരങ്ങേറിയത്. ഇതേ പരമ്പരയിൽ ട്വന്റി 20യിലും അരങ്ങേറ്റം കുറിച്ചു. 29 ഏകദിനങ്ങളിൽ 736 റൺസാണ് ഇതുവരെയുള്ള സമ്പാദ്യം. 7 ട്വന്റി 20 മത്സരങ്ങളിൽ 100 റൺസും സമ്പാദിച്ചു.

യുഎഇ ലോകകപ്പ് ടീം: സി.പി. റിസ്‍വാൻ (ക്യാപ്റ്റൻ), വൃഥ്യ അരവിന്ദ് (വൈസ് ക്യാപ്റ്റൻ), ചിരാങ് സുരി, മുഹമ്മദ് വസീം, ബാസിൽ ഹമീദ്, ആര്യൻ ലഖ്റ, സവാർ ഫരീദ്, ഖാഷിപ് ദൗദ്, കാർത്തിക് മേയ്യപ്പൻ, അഹമ്മദ് റാസ, സഹൂർ ഖാൻ, ജുനൈദ് സിദ്ധിഖ്, സാബീർ അലി, അലിഷാൻ ഷറഫു, അയാൻ ഖാൻ.

റിസർവ്: സുൽത്താൻ അഹമ്മദ്, ഫഹദ് നവാസ്, വിഷ്ണു സുകുമാരൻ, ആദിത്യ ഷെട്ടി, സൻച്ചിത് ശർമ.