ദുബൈ: മലയാളിയായ യുവ സീരിയൽ നടി ദുബൈയിൽ തൊഴിൽ തട്ടിപ്പിനിരയായി. ദുബായിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ നിന്ന് ലഭിച്ച ജോലി വാഗ്ദാനം കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിനിയായ യുവ നടിയാണ് തട്ടിപ്പിനിരയായി തടങ്കിലിൽ ദുരിതത്തിലായത്. യുവതിയെ മലയാളി സന്നദ്ധ സംഘടനയായ ‘ഓർമ’യുടെ പ്രവർത്തകർ ഇടപെട്ട് മോചിപ്പിച്ച് നാട്ടിലെത്തിച്ചു. ഇവർക്കൊപ്പമുള്ള ഏഴ് പേര് കൂടി ഇവിടെ ഉണ്ടെന്നാണ് വിവരം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അറിയപ്പെടുന്ന അവതാരകയും മോഡലും സീരിയൽ നടിയുമായ 25 കാരിയാണ് തട്ടിപ്പിനിരയായത്. ഒട്ടേറെ പരിപാടികളിൽ ഇവർ അവതാരകയായിട്ടുണ്ട്. കൂടാതെ, ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിരുന്നു. ദുബായിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ മൂന്ന് മാസത്തേക്ക് ഒരു ലക്ഷം രൂപ ശമ്പളത്തിന് ജോലി വാഗ്ദാനം ചെയ്താണ് നാട്ടിലെ ഒരു ഏജൻസി നടിയെ സന്ദർശക വീസയിൽ സെപ്റ്റംബർ 2ന് ദുബായിലെത്തിച്ചത്.
ചെന്നൈയിൽ നിന്നാണ് നടിയും മറ്റു ഏഴ് യുവതികളും യുഎഇയിലേക്കു വിമാനം കയറിയത്. ഇതിൽ ഒരു തമിഴ് അവതാരകയുമുണ്ടായിരുന്നു. എന്നാൽ, ഇവിടെ എത്തിയതോടെ പറഞ്ഞുറപ്പിച്ച ജോലി നൽകുന്നതിന് പകരം ഇവരെ ദുബായ് ദെയ്റയിലെ ഒരു ഹോട്ടലിലെ ബാറിൽ ജോലി ചെയ്യാൻ ഹോട്ടലുടമയും വീസ ഏജന്റിന്റെ കൂട്ടാളികളും നിർബന്ധിക്കുകയായിരുന്നു.
മറ്റു യുവതികൾ ഈ ജോലിക്ക് തയാറായപ്പോൾ നടി തയാറാകാതിരുന്നതോടെ മുറിയിൽ പൂട്ടിയിടുകയും ചെയ്‌തു. ബാറിലെത്തുന്നവർക്ക് ഇഷ്ടപ്പെട്ടാൽ ഹോട്ടലിന് പുറത്തുപോകാനും നിർബന്ധിച്ചിരുന്നതായി നടി പറഞ്ഞു. ആവശ്യക്കാർക്ക് ബന്ധപ്പെടാൻ നടിക്ക് മൊബൈല്‍ ഫോണും സിം കാർഡും നൽകിയിരുന്നു. ചീത്തവിളിയും മാനസിക പീഡനവും ഏറ്റുവാങ്ങേണ്ടി വന്ന നടി പേടിച്ചുവിറച്ചാണ് നാളുകൾ തള്ളി നീക്കിയത്. ഇതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച ഓർമ സംഘടനയിലെ അംഗങ്ങളുമായി മൊബൈലിൽ ബന്ധപ്പെടാൻ നടിക്ക് അവസരം കിട്ടിയതോടെയാണ് രക്ഷപ്പെടാനുള്ള വഴി ഒരുങ്ങിയത്.
ഓർമ പിആർ കമ്മറ്റി പ്രതിനിധികൾ വിവരമറിഞ്ഞയുടൻ തന്നെ നോർക്കയുമായി ബന്ധപ്പെടുകയും യുഎഇയിലുള്ള വൈസ് ചെയർമാൻ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു. തുടർന്ന് ദുബായ് പൊലീസിൽ വിവരം അറിയിച്ചു. പൊലീസിന്റെ സഹായത്തോടെ നടി താമസിക്കുന്ന ഹോട്ടലിലെത്തിയാണ് മോചിപ്പിച്ചത്. രക്ഷപ്പടുത്തിയ നടിയെ പിന്നീട് ഓർമ പ്രതിനിധികളും ലോക കേരളസഭാംഗങ്ങളും ചേർന്ന് നാട്ടിലേക്ക് അയച്ചു. നാട്ടിൽ നിന്ന് വിദേശ തൊഴിലുകൾ നേടാൻ ശ്രമിക്കുന്നവർ നിർബന്ധമായും അംഗീകൃത ഏജൻസികൾ വഴിമാത്രം അവസരങ്ങൾ തേടണമെന്ന് ഓർമ ഭാരവാഹികളും ലോകകേരള സഭാംഗങ്ങളും നിർദേശിച്ചു.
അതേസമയം, നടിയോടൊപ്പം ചെന്നൈയിൽ നിന്ന് എത്തിയ തമിഴ് അവതാരക ഉൾപ്പെടെയുള്ള മറ്റു 7 യുവതികൾ ഇപ്പോഴും ദുബായിലെ ഹോട്ടലിൽ കഴിയുന്നു. ഇവർക്ക് നാട്ടിലേക്ക് തിരിച്ചുപോകാനുള്ള പ്രയാസമാണ് ഇതിന് കാരണമായത്. പലരും ദുരിതത്തിൽ കഴിഞ്ഞിരുന്നവരാണ്.