ലോകകപ്പിനെക്കുറിച്ചുള്ള നൃത്തം വൈറൽ; ഖത്തർ ക്ഷണിച്ചു; ആവേശം പരത്തി യുഗാണ്ടൻ സംഘം

0
2465

ദോഹ: നൃത്തവും പാട്ടുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ താരങ്ങളായ യുഗാണ്ടൻ നൃത്ത സംഘം ‘ട്രിപ്‌ലെറ്റ്‌സ് ഗെറ്റോ കിഡ്‌സിലെ കൊച്ചുമിടുക്കന്മാരെയും മിടുക്കികളെയും അപ്രതീക്ഷിതമായി ദോഹയിൽ കണ്ടതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ.

സംഗീതവും നൃത്തവും ഒക്കെയായി ലോകകപ്പ് ഫുട്‌ബോൾ ആവേശം നിറച്ചാണു കുട്ടിസംഘം ദോഹ സന്ദർശനം കഴിഞ്ഞു മടങ്ങിയത്. ഖത്തറിന്റെ ദേശീയ ഫുട്‌ബോൾ ടീമിന്റെ ജഴ്‌സിയണിഞ്ഞ് ലോകകപ്പ് വേദികളിലൊന്നിൽ സന്ദർശനം നടത്തിയതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ദോഹയിലെ ഞങ്ങളുടെ സന്തോഷം എന്ന തലക്കെട്ടിലാണ് വിഡിയോ പങ്കുവച്ചത്.

സൂഖ് വാഖിഫ്, 3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം, ദോഹ ഖ്വസ്റ്റ് എന്നിവിടങ്ങൾ സന്ദർശിച്ചതും വിഡിയോയിലുണ്ട്. ഖത്തർ ടൂറിസത്തിന്റെ ക്ഷണപ്രകാരമാണു കുട്ടിസംഘം സന്ദർശനം നടത്തിയത്.

ട്രിപ്‌ലെറ്റ്‌സ് ഗെറ്റോ കിഡ്‌സ് സംഘം ദോഹ സന്ദർശനത്തിനിടെ.

ഇക്കഴിഞ്ഞ ജൂൺ 6ന് ട്രിപ്‌ലെറ്റ്‌സ് ഗെറ്റോ കിഡ്‌സ് സംഘം ഫിഫ ഖത്തർ ലോകകപ്പിനെക്കുറിച്ച് സ്വന്തമായി പുറത്തിറക്കിയ പ്രമോ ഡാൻസ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

ഫിഫ ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക സൗണ്ട് ട്രാക്കായ ഹയ്യ ഹയ്യ എന്ന പാട്ടിനു സ്വന്തമായി ചിട്ടപ്പെടുത്തിയ വിസ്മയിപ്പിക്കുന്ന നൃത്തചുവടുകളുമായാണു കുട്ടിസംഘം ശ്രദ്ധ നേടിയത്. ഫെയ്‌സ്ബുക്കിൽ മാത്രം ഇതിനകം 25 ലക്ഷത്തിലധികം പേർ കുട്ടിസംഘത്തിന്റെ ലോകകപ്പ് വിഡിയോ കണ്ടു.

യുഗാണ്ടയിലെ കംപാലയിലെ എൻജിഒ ആണ് ട്രിപ്‌ലെറ്റ്‌സ് ഗെറ്റോ കിഡ്‌സ്. 2013 ൽ തുടക്കമിട്ട നൃത്ത സംഘത്തിന് യു ട്യൂബിലും ഫെയ്‌സ് ബുക്കിലും മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകളിലുമൊക്കെ ലക്ഷക്കണക്കിന് ആരാധകരുണ്ട്. യുഎസ് ഉൾപ്പെടെ വിവിധ ലോകരാജ്യങ്ങളിൽ ഇതിനകം നൃത്തപരിപാടികളും അവതരിപ്പിച്ചു. സംഗീതവും നൃത്തവും നാടകവും കോർത്തിണക്കിയുള്ള കലയിലൂടെ തെരുവുകളിൽ കഴിയുന്ന നിരാലംബരായ കുട്ടികൾക്ക് വിദ്യാഭ്യാസവും ആരോഗ്യ സുരക്ഷയും താമസവും ഭക്ഷണവും വസ്ത്രവും പ്രദാനം ചെയ്യുകയാണ് ട്രിപ്‌ലെറ്റ്‌സ് ഗെറ്റോ കിഡ്‌സിന്റെ ലക്ഷ്യം.

ലോകകപ്പിന്റെ ഫാൻ സോണുകളെ ആവേശത്തിലാഴ്ത്താൻ കുട്ടിസംഘം വീണ്ടും ദോഹയിലെത്തുമെന്ന പ്രതീക്ഷയിലാണു ഖത്തറിലെ ആരാധകരും.