ജിദ്ദ: അക്ബർ ട്രാവൽസ് & ടൂറിസം കമ്പനിയുടെ ജിദ്ദ ഓഫീസ് ഉദ്ഘാടനം സെപ്റ്റംബർ 7ന് രാവിലെ 9.30 നു ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം നിർവഹിക്കുമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജിദ്ദയിൽ മുഷ്‌റിഫ ഏരിയയിലുള്ള സിറ്റി സെന്റർ സമുച്ഛയത്തിൽ ആണ് ഓഫീസ് തുറക്കുന്നത്.
കൊവിഡാനന്തരം സഊദി അറേബ്യയിൽ ടൂറിസം – ട്രാവൽ മേഖലകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂർവമായ കുതിപ്പും അനന്തസാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അക്ബർ ട്രാവൽസ് & ടൂറിസം കമ്പനിയുടെ വികസനകുതിപ്പിലെ സുപ്രധാന നാഴികക്കല്ലായിരിക്കുമെന്നും അവർ പറഞ്ഞു.
സഊദിയുടെ വിഷൻ 2030 ന്റെ ഭാഗമായി ടൂറിസം – ട്രാവൽ മേഖലയിൽ കൂടുതൽ സ്വദേശി യുവതീ യുവാക്കൾക്ക് വിദഗ്ധ പരിശീലനവും തൊഴിലും നല്കുന്നതിന് കമ്പനി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സ്വദേശികളിൽ 50 ശതമാനം തൊഴിലവസരം വനിതകൾക്കായി നീക്കിവെക്കുന്നതായിരിക്കുമെന്നും അവർ അറിയിച്ചു.
സഊദിയിലേക്കും പുറത്തേക്കുമുള്ള വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അക്ബർ ട്രാവൽസ് & ടൂറിസം കമ്പനി സഊദിയിൽ തുറക്കുന്ന ഏഴാമത്തെ ഓഫീസാണ് ജിദ്ദയിലേത്. റിയാദ്, ദമാം, അൽകോബാർ എന്നിവിടങ്ങളിൽ നേരത്തെ ഓഫീസ് തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. എട്ടാമത്തെ ശാഖ ജിദ്ദ ഹംദാനിയയിൽ വൈകാതെ തുറന്നു പ്രവർത്തനമാരംഭിക്കും.
മക്ക, മദീന, തബൂക്ക്, അബഹ, ജിസാൻ എന്നീ നഗരങ്ങളിലും ശാഖകൾ തുറക്കാനും കമ്പനിയുടെ സജീവ സാന്നിധ്യം ഉറപ്പാക്കാനുമുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്നും അവർ അറിയിച്ചു.
വിവിധ ഇന്ത്യൻ നഗരങ്ങൾക്ക് പുറമെ ന്യൂയോർക്ക്, റോം, ക്വാലാലംപൂർ, സിംഗപ്പൂർ, ഗൾഫ് നാടുകൾ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറ്റി അമ്പതിലേറെ ബ്രാഞ്ചുകളുള്ള ഇന്ത്യയിലെ ഒന്നാം കിട ട്രാവൽ ഏജൻസിയായ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ഗ്രൂപ്പാണ് അക്ബർ ട്രാവൽസ് & ടൂറിസം കമ്പനിയുടെ മാതൃസ്ഥാപനം. അക്ബർ ട്രാവൽസിന് സഊദിയിൽ പതിനഞ്ചിലേറെ ബ്രാഞ്ചുകളുണ്ട്.
ഡയറക്ടർ ആഷിയ അബ്ദുൽ നാസർ, ഗ്ലോബൽ സെയിൽസ് ഹെഡ് ഷാഹിദ് ഖാൻ, ജിദ്ദ മാനേജർ മുഹമ്മദ് സഈദ്, ഓൺലൈൻ സെയിൽസ് ഹെഡ് എ. വി സമീർ, സിറ്റി സെന്റർ ഓഫീസ് മാനേജർ ഷബീർ അഹ്‌മദ്, സുഹൈർ അൽഷെഹ്റി, അസ്ഹർ ഖുറേഷി, അജയ് കുമാർ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.