ദോഹ: ഫുട്‌ബോൾ ആരാധകർക്ക് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരടിക്കറ്റ് സ്വന്തമാക്കാൻ വീണ്ടും അവസരമൊരുക്കി സംഘാടകർ. ഇത്തവണ ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക മുദ്രാവാക്യം പതിച്ച സ്റ്റിക്കറുകൾ സ്വന്തം വാഹനങ്ങൾ, വസ്തുക്കൾ എന്നിവയിൽ ഒട്ടിച്ചതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ടിക്കറ്റ് സമ്മാനമായി നൽകുക.
അൽബെയ്തിലെ സ്റ്റേഡിയത്തിന്റെ ഉൾവശം.
‘നൗ ഈസ് ഓൾ’ എന്നതാണ് ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക മുദ്രാവാക്യം. ശേഖരിക്കുക, ഒട്ടിക്കുക, നേടുക എന്ന തലക്കെട്ടിലാണ് മത്സരം. സെപ്റ്റംബർ 21 ദോഹ സമയം 11.45 വരെയാണ് സമയപരിധി. 22ന് നടക്കുന്ന നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കും. ഒരാൾക്ക് ഒറ്റത്തവണ മാത്രമാണ് അവസരം. വിജയികൾക്ക് നവംബർ 20ന് അൽഖോറിലെ അൽബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഖത്തർ ഇക്വഡോർ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റാണ് സമ്മാനം.
മത്സരത്തിൽ പങ്കെടുക്കുന്നവർ അധികൃതർ നിർദേശിച്ച മുഴുവൻ നിബന്ധനകളും വ്യവസ്ഥകളും പാലിക്കണം. റാൻഡം രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിജയികൾക്കും ഉദ്ഘാടന മത്സരത്തിന്റെ 2 ടിക്കറ്റുകൾ വീതമാണ് ലഭിക്കുക. ഫിഫയാണ് ടിക്കറ്റുകൾ നൽകുക.
മുദ്രാവാക്യം പതിച്ച സ്റ്റിക്കർ.
പങ്കെടുക്കാനുള്ള നിബന്ധനകൾ
∙ 13 മുതൽ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. സുപ്രീം കമ്മിറ്റിയിലെ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കാൻ പാടില്ല.
∙ ദോഹ ഫെസ്റ്റിവൽ സിറ്റി, പ്ലേസ് വിൻഡം മാൾ, ദി ഗേറ്റ് മാൾ, അൽ ഗരാഫ എസ്ദാൻ മാൾ, അൽ വക്ര എസ്ദാൻ മാൾ, ലഗൂണ മാൾ, സിറ്റി സെന്റർ ദോഹ, വില്ലാജിയോ മാൾ എന്നിവിടങ്ങളിലെ ഇൻഫർമേഷൻ ഡെസ്‌ക്കുകളിൽ നിന്ന് ഞായർ മുതൽ ബുധൻ വരെയും വ്യാഴം മുതൽ ശനി വരെ തിരഞ്ഞെടുക്കപ്പെട്ട മാളുകളിലെ എക്‌സിറ്റുകളിലെ ഡിസ്ട്രിബ്യൂഷൻ ബൂത്തുകളിൽ നിന്നോ പ്രമോട്ടർമാരിൽ നിന്നോ സ്റ്റിക്കറുകൾ ശേഖരിക്കാം.
∙ മാളിന്റെ പ്രവർത്തന സമയങ്ങളിൽ വേണം സ്റ്റിക്കറുകൾ ശേഖരിക്കാൻ.
∙ സ്റ്റിക്കറുകൾ സ്വന്തം കാറിലോ വാഹനങ്ങളിലോ വസ്തുക്കളിലോ പൊതുജനങ്ങൾക്ക് കാണാൻ കഴിയുംവിധം ഒട്ടിക്കണം. കാറുകളും വസ്തുവകകളും പങ്കെടുക്കുന്നവരുടെയോ അല്ലെങ്കിൽ അടുത്ത കുടുംബാംഗങ്ങളുടേയോ ആയിരിക്കണം.
∙ സ്റ്റിക്കറുകൾ ഒട്ടിച്ചതിന്റെ ചിത്രങ്ങൾ @Roadto2022 എന്ന് ടാഗ് ചെയ്ത് സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യണം. ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ NowisAll എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വേണം ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ.
∙ വിജയികളെ മത്സരത്തിൽ പങ്കെടുക്കാനായി അവർ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത സമൂഹമാധ്യമ അക്കൗണ്ടിലൂടെ തന്നെ അറിയിക്കും. അധികൃതരുടെ അറിയിപ്പ് ലഭിച്ച് 48 മണിക്കൂറിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ അടുത്ത യോഗ്യരായ മത്സരാർത്ഥിയ്ക്ക് സമ്മാനം നൽകും.
∙ മത്സരത്തിന്റെ നിബന്ധനകളും മറ്റും അറിയാം: https://www.qatar2022.qa/en/sticker-competition