കൂടൊഴിക്കാന്‍ കൊന്നുതള്ളണോ……, മിണ്ടാപ്രാണികളോട് വേണോ ഈ ക്രൂരത: മരം മുറിച്ചത് അനുമതിയില്ലാതെ, ജെസിബി ഡ്രൈവര്‍ കസ്റ്റഡിയില്‍

0
7778

തിരൂരങ്ങാടി: ആരുടേയും മനസ്സലിയിപ്പിക്കുന്നതായിരുന്നു ദേശീയപാത 66-ലെ വികസനത്തിന്റെ ഭാഗമായി മിണ്ടാപ്രാണികളോട് കാണിച്ച കൊടുംക്രൂരത. പക്ഷിക്കുഞ്ഞുങ്ങളും തള്ളപ്പക്ഷികളുമടക്കം നൂറിലേറെ ജീവികള്‍ വീണു ചാകുന്ന ഈ കാഴ്ച മലപ്പുറം തിരൂരങ്ങാടിക്കടുത്ത വി.കെ. പടിയില്‍നിന്നാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി ഇവിടത്തെ പുളിമരം മണ്ണുമാന്തിയന്ത്രമുപയോഗിച്ച് വ്യാഴാഴ്ച പിഴുതുമാറ്റി. മലപ്പുറത്തു ദേശീയ പാത വികസനത്തിന് വേണ്ടി മരം മുറിച്ചപ്പോള്ഴാണ് ദാരുണ സംഭവം. പക്ഷികള്‍ നിലത്ത് വീണ് ചത്ത സംഭവത്തില്‍ കരാറുകാര്‍ക്കെതിരേ വനം വകുപ്പ് ആണ് കേസ് എടുക്കുന്നത്.

ആ മരമാകട്ടെ ഒട്ടേറെ കിളികളുടെ ആവാസസ്ഥലമായിരുന്നു. മരം പെട്ടെന്ന് വീണതോടെ കുറെ പക്ഷികള്‍ പറന്ന് രക്ഷപ്പെട്ടു. പക്ഷേ, ഏറെയെണ്ണം താഴെവീണു ചത്തു. കൂടുകളിലുണ്ടായിരുന്ന എരണ്ട പക്ഷികളും കുഞ്ഞുങ്ങളുമാണ് ചത്തത്.

ഷെഡ്യൂള്‍ 4 ല്‍ പ്പെട്ട അമ്പതിലേറെ നീര്‍ക്കാക്ക കുഞ്ഞുങ്ങള്‍ ജീവന്‍ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. വന്യജീവി സംരക്ഷണം നിയമ പ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്യുക. മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കര്‍ശന നിര്‍ദേശങ്ങള്‍ പോലും കരാറുകാരന്‍ ലംഘിച്ചെന്ന് വനം വകുപ്പ് പറയുന്നു. വനം വകുപ്പ് ഇന്ന് പ്രദേശവാസികളില്‍ നിന്നും വിശദമൊഴി എടുക്കും.

വികസനം കാലത്തിന്റെ ആവശ്യംതന്നെ. അതിനായി വീടും കൂടും ഒഴിയേണ്ടിവരും. കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരും. മരം മുറിച്ചുമാറ്റേണ്ടിവരും. തര്‍ക്കമില്ല. എന്നാല്‍ താഴെവീഴ്ത്തി കൊന്നൊടുക്കുന്നതെന്തിന്? കാലങ്ങളായി ചേക്കേറിയ മരങ്ങള്‍ മാറ്റി വഴിയൊരുക്കാനുള്ള തീരുമാനം പാവം പറവക്കൂട്ടം അറിയുന്നില്ല.

അവയെ അതറിയിക്കുന്നതിന് നോട്ടീസോ സങ്കീര്‍ണമായ നടപടിക്രമങ്ങളോ ആവശ്യമില്ല. മനുഷ്യസഹജമായ ചെറിയൊരു വിവേകം. അതേ വേണ്ടൂ. വേരറുക്കും മുന്‍പ് ചുവടെ കുറച്ചു പടക്കങ്ങള്‍ പൊട്ടിച്ചാല്‍…… ചെറുതായൊന്ന് ഒച്ചവെച്ചാല്‍….. അപകടം മണക്കാന്‍ അതുമതി അവയ്ക്ക്. പാറിയകന്നോളും എല്ലാം. ഉള്ളുപിളര്‍ക്കുന്ന ഇത്തരം കാഴ്ചകള്‍ കാണേണ്ടിവരില്ല ഒരു കണ്ണിനും.

വേദന നിറക്കുന്ന ആ കാഴ്ച…..