സഊദിയിൽ രണ്ട് കെട്ടിടങ്ങളിൽ വന്‍ അഗ്നിബാധ; കുടുങ്ങിക്കിടന്നവരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി

0
1212

റിയാദ്: സഊദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിലെ അറാർ നഗരത്തിൽ കെട്ടിടങ്ങളിൽ അഗ്നിബാധ. അൽമുസാഅദിയ ഡിസ്ട്രിക്ടിനു സമീപത്തായി സ്ഥിതി ചെയ്യുന്ന രണ്ടു കെട്ടിടങ്ങളിൽ വൻ തീപിടുത്തമാണ് ഉണ്ടായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടന്ന എട്ടു പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി.

കഴിഞ്ഞ ദിവസം പുലർച്ചെ 1.32ന് ആണ് അഗ്നിബാധയെ കുറിച്ച് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് ഉത്തര അതിർത്തി പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ ഫഹദ് അൽ അനസി പറഞ്ഞു. ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലും സമീപത്തെ മറ്റൊരു കെട്ടിടത്തിലുമാണ് തീ പടർന്നു പിടിച്ചത്.

സമീപത്തെ കൂടുതൽ കെട്ടിടങ്ങളിലേക്ക് പടർന്നു പിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. കെട്ടിടങ്ങളിൽ കുടുങ്ങിയ എട്ടു പേരെ സിവിൽ ഡിഫൻസ് അധികൃതർ സുരക്ഷിതമായി രക്ഷിച്ചു. ആർക്കും പരിക്കില്ലെന്നും കേണൽ ഫഹദ് അൽ അനസി പറഞ്ഞു.