‘പണിക്കർ’ കടലിലിറക്കി; അഭിമാനത്തോടെ പ്രവാസി മലയാളി

മലയാളിയുടെ കൈയൊപ്പ് ചാർത്തിയ ഈ വൻകിട കപ്പലിന്റെ ചിലവ് നാലര ലക്ഷം ഡോളർ

0
2279

ഷാർജ: സ്വന്തമായി വൻകിട ആഡംബര കപ്പൽതന്നെ നിർമിച്ച് ദുബായ് കടലിലിറക്കി പുതുചരിത്രം സൃഷ്ടിക്കുകയാണ് നാരായണൻ മുരളീധര പണിക്കർ (എൻ.എം. പണിക്കർ) എന്ന പ്രവാസി വ്യവസായി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊല്ലം ചെമ്മക്കാട് സ്വദേശിയായ എൻ.എം. പണിക്കരുടെ ഉടമസ്ഥതയിലുള്ള എക്സ്‌പെർട്ട് യുണൈറ്റഡ് മറൈൻ സർവീസസ് (എ.യു.എം.എസ്.) എന്ന കമ്പനിയാണ് ദുബായിൽ കപ്പൽ നിർമിച്ച് നീറ്റിലിറക്കിയത്. മലയാളിയുടെ കൈയൊപ്പ് ചാർത്തിയ ഈ വൻകിട കപ്പലിന്റെ പേരും ‘പണിക്കർ’ എന്നുതന്നെ.

42 മീറ്റർ നീളമുള്ള കപ്പൽ ഒരുവർഷംകൊണ്ടാണ് നിർമാണം പൂർത്തിയാക്കി കടലിലിറക്കിയത്. ഈ കപ്പലിൽ 100 യാത്രക്കാർക്കും 11 ജീവനക്കാർക്കും സഞ്ചരിക്കാം. മണിക്കൂറിൽ 23 നോട്ടിക്കൽ മൈൽ വേഗത്തിൽ കപ്പൽച്ചാലിലൂടെ ഇനി ‘പണിക്കർ’ സഞ്ചരിക്കും. കപ്പൽ ഭാരംകുറച്ച് വേഗംകൂട്ടാനായി അലൂമിനിയംകൊണ്ടാണ് ഇത് നിർമിച്ചിട്ടുള്ളത്. ഏകദേശം നാലരദശലക്ഷം യു.എസ്. ഡോളറാണ് കപ്പൽനിർമാണത്തിന് ചെലവായതെന്ന് എൻ.എം. പണിക്കർ പറഞ്ഞു.

നൂതന സാങ്കേതികരീതിയിൽ നിർമിച്ച കപ്പലിൽനിന്ന്‌ കാലാവസ്ഥ വ്യതിയാനമുൾപ്പെടെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. കപ്പലിൽ ക്യാപ്റ്റൻ അടക്കമുള്ള ഉദ്യോഗസ്ഥരും തയ്യാറായിക്കഴിഞ്ഞു. അവസാനവട്ട പരിശോധന പൂർത്തിയാക്കി ‘പനാമ ഫ്ലാഗ്’ രജിസ്ട്രേഷൻകൂടി പൂർത്തിയായാൽ ‘പണിക്കർക്ക്’ ഉൾക്കടൽതാണ്ടി ലോകത്തെവിടെക്കും കുതിക്കാം.

വർഷങ്ങളായി എൻ.എം. പണിക്കരുടെ കൂടെയുള്ള മലയാളികളായ സാങ്കേതിക പ്രവർത്തകരുടെ സഹകരണവും പുതിയ കപ്പൽനിർമാണത്തിനുണ്ടായിരുന്നു. അടുത്തൊരു വർഷത്തിനുള്ളിൽ പുതുതായി മൂന്നുകപ്പലുകൾകൂടി നിർമിച്ച് കടലിലിറക്കാനുള്ള ശ്രമത്തിലാണ് ഈ പ്രവാസി വ്യവസായി.

മറൈൻ ടെക്നിഷ്യൻ ആയിവന്ന മലയാളി മറൈൻ സംരംഭകനും പിന്നീട് കപ്പൽ നിർമാതാവും ആയി മാറിയിരിക്കുകയാണിപ്പോൾ. 200- ലേറെ ജീവനക്കാർ പണിക്കരുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്.