ദുബൈ: കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ യാത്രാ വിമാനം വൈകിയത് 28 മണിക്കൂർ. ചൊവ്വാഴ്ച്ച ഉച്ചക്ക് 2.45 ഓടെ ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർഇന്ത്യാ വിമാനമാണ് അനിശ്ചിതമായി വൈകിയത്. ഇതോടെ, സ്ത്രീകളും കുട്ടികളും അടക്കം നിരവധി യാത്രക്കാർ കടുത്ത ദുരിതത്തിലായി.
അടിയന്തര ആവശ്യത്തിന് നാട്ടിലെത്തേണ്ടവരടക്കം വിമാനത്തിലും ഹോട്ടലിലുമായി കുടുങ്ങിയതോടെ പരിഹാര മാർഗ്ഗം പോലും ഏർപ്പെടുത്താൻ എയർ ഇന്ത്യക്ക് സാധിച്ചില്ല. നൂറ്റി അൻപതോളം യാത്രക്കാരാണ് കടുത്ത ദുരിതത്തിലായത്.
എയർ ഇന്ത്യയുടെ എ.ഇ. 938 എന്ന വിമാനമാണ് യാത്ര മുടക്കിയത്. ചൊവ്വാഴ്ച്ച ഉച്ചയോടെ വിമാനത്തിൽ കയറിയ യാത്രക്കാരെ പിന്നീട് തിരിച്ചിറക്കുകയായിരുന്നു. ഉച്ചയോടെ വിമാനത്തിൽ കയറ്റിയെങ്കിലും വൈകുന്നേരം അഞ്ചു മണിയോടെ തിരിച്ചിറക്കുകയായിരുന്നു. വിസിറ്റ് വിസക്കാരും വിസ കാലാവധി തീർന്നവരും ഒഴികെയുള്ള യാത്രികരോട് ഹോട്ടലിലേക്ക് പോകാൻ എയർ ഇന്ത്യ മാനേജർ നിർദേശിക്കുകയായിരുന്നുവെന്നു യാത്രികർ പരാതിപ്പെട്ടു. രാത്രി പതിനൊന്ന് മണിയോടെയാണ് യാത്രികരെ ഹോട്ടലിലേക്ക് മാറ്റിയത്. എയർ ഇന്ത്യ അധികൃതരുമായി ബന്ധപ്പെടാൻ സാധിക്കാത്തതും കൃത്യമായ വിവരം നൽകാത്തതും യാത്രികരെ കടുത്ത നിരാശയിലും ദുരിതത്തിലുമാക്കി.
പുലർച്ചെ 12.40ന് പുറപ്പെടേണ്ട ഷാർജ-കോഴിക്കോട് വിമാനവും റദ്ദാക്കിയിരുന്നു. എയർ ഇന്ത്യയുടെ നിറുത്തവാദ പരമായ സമീപനത്തിൽ യാത്രക്കാർ പ്രതിധേശം ശക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് വിമാനം പറന്നത്. സാങ്കേതിക തകരാർ ആണ് വിമാന മുടങ്ങാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ എങ്കിലും ഇക്കാര്യത്തിൽ എയർ ഇന്ത്യ അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാസവും എയർ ഇന്ത്യ മണിക്കൂറുകളോളം വൈകിയിരുന്നു. ടാറ്റ യുടെ കൈകളിൽ എത്തുമ്പോഴെങ്കിലും എയർ ഇന്ത്യയുടെ സ്വഭാവത്തിന് മാറ്റം ഉണ്ടാകുമെന്ന് കരുതിയിരുന്നുവെങ്കിലും ഇത് പഴയ പടിയിൽ തന്നെയാണ് നീങ്ങുന്നതെന്നായിരുന്നു യാത്രക്കാരുടെ പ്രതികരണം.