റിയാദ്: രാജ്യത്ത് അടുത്ത വ്യാഴാഴ്ച മുതൽ വേട്ടയാടൽ സീസൺ ആരംഭിക്കുമെന്ന് ദേശീയ വന്യജീവി വികസന കേന്ദ്രം പ്രഖ്യാപിച്ചു. സെപ്‌റ്റംബർ 1 ന് ആരംഭിക്കുന്ന വേട്ടയാടൽ സീസൺ 2023 ജനുവരി 31 വരെ നാല് മാസക്കാലം നീണ്ടു നിൽക്കുമെന്ന് കേന്ദ്രം വിശദീകരിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രകൃതി വിഭവങ്ങളുടെ ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതിനിയന്ത്രണങ്ങൾക്ക് അനുസൃതമായിട്ടായിരിക്കണം വേട്ടയാടൽ. കേന്ദ്രത്തിന്റെ വെബ്‌സൈറ്റിലും ഫാരി പ്ലാറ്റ്‌ഫോമിലും പ്രഖ്യാപിക്കുന്ന, വേട്ടയാടാൻ അനുവദനീയമായ ഇനം ജീവികളെ മാത്രമേ വേട്ടയാടാൻ അനുവദിക്കുന്നുള്ളൂ. മാത്രമല്ല, ഫാൽക്കൺസ് ക്ലബ്ബ് ഫാരി പ്ലാറ്റ്‌ഫോമിലൂടെ വേട്ടയാടൽ പെർമിറ്റുകൾ നേടിയിരിക്കുകയും വേണം. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെയും പക്ഷികളെയും ഇരപിടിയൻ പക്ഷികളെയും വേട്ടയാടുന്നത് സ്ഥിരമായി നിരോധിക്കുന്ന കാട്ടുവേട്ടയ്‌ക്കുള്ള എക്‌സിക്യൂട്ടീവ് ചട്ടങ്ങൾ പാലിക്കൽ നിർബന്ധമാണ്.
ഒന്നിലധികം മൃഗങ്ങളെയോ പക്ഷികളെയോ വേട്ടയാടുന്നതിലലേക്ക് നയിക്കുന്ന ഏതെങ്കിലും മാർഗങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. സ്പ്രേ തോക്കുകൾ, ഷോട്ട്ഗൺ, മത്സ്യബന്ധന വല, വാതകങ്ങൾ, വാഹനനങ്ങളുടെ എക്‌സ്‌ഹോസ്റ്റ്, വെള്ളം നിറക്കൽ തുടങ്ങി അനുവദനീയമല്ലാത്ത വഴികളിൽ വേട്ടയാടലിനും നിരോധനം ഉണ്ട്.
നഗരങ്ങൾ, ഗ്രാമങ്ങൾ, ഫാമുകൾ, വിശ്രമ കേന്ദ്രങ്ങൾ, അല്ലെങ്കിൽ ഏതെങ്കിലും ആളുകൾ കൂടുതൽ ഉള്ള സ്ഥലങ്ങൾ, നഗരങ്ങൾക്ക് സമീപം, സൈനിക, വ്യാവസായിക, കേന്ദ്രങ്ങൾ, കരുതൽ ശേഖരങ്ങളുടെയും പ്രധാന പദ്ധതികളുടെയും പരിധിയിൽ എല്ലാത്തരം മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നതിനെതിരെ മുന്നറിയിപ്പുണ്ട്. തീരങ്ങളിൽ കരയിലേക്ക് 20 കിലോമീറ്റർ ആഴത്തിൽ വേട്ടയാടുന്നതിനും നിരോധനമുണ്ട്. വേട്ടയാടി പിടിക്കാൻ അനുവദിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങളുടെ പട്ടിക, പ്രദേശങ്ങൾ, മത്സ്യബന്ധന മാർഗങ്ങൾ എന്നിവ കേന്ദ്രം പ്രസിദ്ധീകരിച്ചു.