വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന; ഗള്‍ഫിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍ പ്രതിസന്ധിയില്‍

0
3539

അബുദാബി: ഗള്‍ഫിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധന. വേനല്‍ അവധിക്കു ഗള്‍ഫിലെ സ്‌കൂളുകള്‍ അടച്ചതോടെ വണ്‍വേ ടിക്കറ്റെടുത്തു നാട്ടില്‍ എത്തിയവരാണു തിരിച്ചുപോകാനാകാതെ കുടുങ്ങിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗള്‍ഫ് മേഖലകളില്‍ ഇന്നലെ സ്‌കൂളുകള്‍ തുറന്നതോടെ പ്രവാസി വിദ്യാര്‍ഥികളും വിമാനടിക്കറ്റ് നിരക്ക് വര്‍ധന മൂലം പ്രയാസത്തിലാണ്. നിലവില്‍ നാലംഗമുള്ള ഒരു കുടുംബത്തിനു ദുബായിലേക്കു തിരിച്ചുവരാന്‍ 1.6 ലക്ഷം മുതല്‍ 3.5 ലക്ഷം രൂപ വരെയാണു ടിക്കറ്റ് നിരക്ക്. യാത്ര അബുദാബിയിലേക്കാണെങ്കില്‍ 5000-10,000 രൂപ വരെ നിരക്ക് കൂടും. ഒരാള്‍ക്കു 40,000 രൂപയ്ക്കു മുകളിലാണു വണ്‍വേ നിരക്ക്.

എന്നാല്‍ ഇത്രയും തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റില്ല. കുവൈത്തിലേക്ക് ഒരാള്‍ക്ക് കുറഞ്ഞത് 52,000 രൂപയും നാലംഗ കുടുംബത്തിനു 2.3 ലക്ഷം മുതല്‍ 5 ലക്ഷം വരെയുമാണ് ചെലവ്. ഖത്തറിലേക്കു 1.5 മുതല്‍ 4.2 ലക്ഷം രൂപ വരെയാണു നിരക്ക്. ഒരാള്‍ക്ക് 35,000 രൂപയും.

35,000 രൂപയാണ് മസ്‌കത്തിലേക്ക് ഒരാള്‍ക്ക് വരുന്ന നിരക്ക്. എന്നാല്‍ നാലംഗ കുടുംബത്തിനു കുറഞ്ഞത് 1.25 ലക്ഷം രൂപ നല്‍കണം. ബഹ്‌റൈനിലേക്കു 1.7 ലക്ഷം മുതല്‍ 5.5 ലക്ഷം രൂപയും ഒരാള്‍ക്കു 44,000 രൂപയ്ക്കു മുകളിലുമാണ് ടിക്കറ്റ് നിരക്ക്. റിയാദിലേക്ക് ഒരാള്‍ക്കു 50,000 രൂപയും നാലംഗ കുടുംബത്തിനു 1.8 മുതല്‍ 9.4 ലക്ഷം രൂപ വരെയുമാണു നിലവിലെ നിരക്ക്. സെപ്റ്റംബര്‍ രണ്ടാം വാരത്തോടെ നിരക്കു കുറയുമെന്നാണു കണക്കുകൂട്ടുന്നത്.