സഊദി മൾട്ടിപ്പിൾ സന്ദർശക പുതുക്കാൻ മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന കുടുംബങ്ങൾ ശ്രദ്ധിക്കുക! ജോർദാനിലേക്ക് പോയവർ അതിർത്തിയിൽ കുടുങ്ങിയത് മണിക്കൂറുകൾ

0
2478

റിയാദ്: സഊദിയിൽ സന്ദർശക വിസയിൽ എത്തിയവർ നിശ്ചിത മാസങ്ങൾക്ക് ശേഷം പുതുക്കാനായി പുറം രാജ്യങ്ങളിലേക്ക് പോകുന്നത് തുടരുന്നു. മൾട്ടിപ്പിൾ കുടുംബ സന്ദർശന വിസ മൂന്ന് മാസം കഴിഞ്ഞ ശേഷം മറ്റൊരു മൂന്ന് മാസത്തേക്ക് കൂടി പുതുക്കാനായി ഇപ്പോൾ സഊദിക്ക് പുറത്തേക്ക് പോയി തിരിച്ചു വരേണ്ടത് നിർബന്ധം ആയതിനാൽ പല പ്രവാസി കുടുംബങ്ങളും ഇപ്പോൾ അയൽ രാജ്യങ്ങളായ ബഹ്‌റൈനിലേക്കാണ് കൂടുതലായും പോയി മടങ്ങി വരുന്നത്..

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ, ജോർദാനിലേക്കും പോയി മടങ്ങി വരുന്നവരും വിരളമല്ല. ദുബൈയിലേക്കും ചില കുടുംബങ്ങൾ പോകുന്നുണ്ട്. എന്നാൽ, ജോർദാനിലേക്ക് പോയവർക്ക് ഏതാനും ദിവസങ്ങളായി കൈപ്പേറിയ അനുഭവങ്ങളാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ജോര്‍ദാനില്‍ പോകുന്നവര്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നുവെന്ന് റിപ്പോര്ട്ടുകൾ സൂചിപ്പിക്കുന്നു.

ഒരു പാസ്‌പോര്‍ട്ടിന് 270 റിയാല്‍ വീതമാണ് ഫീസ്. കൂടാതെ, വാഹനത്തിന് പെര്‍മിറ്റും മറ്റു ചെലവുകള്‍ വേറെയും കരുതണം. ജോര്‍ദാനിലെത്തിക്കാന്‍ തുറൈഫില്‍ ഏജന്റുമാരും ടാക്‌സിക്കാരുണ്ട്. ജോര്‍ദാനിലേക്ക് പോകാന്‍ 500 റിയാലാണ് ഇവര്‍ ഈടാക്കുന്നത്. അതേസമയം, ഇത്തരത്തിൽ പോകുന്നവർക്ക് മണിക്കൂറുകൾ ആണ് ഇപ്പോൾ അതിർത്തി ഓഫീസുകളിൽ കാത്തിരിക്കേണ്ടി വരുന്നത്.

വിസ പുതുക്കാന്‍ വേണ്ടി ജോര്‍ദാനില്‍ കഴിഞ്ഞ ദിവസം ജോര്‍ദാനില്‍ പോയ അഞ്ചു കുടുംബങ്ങള്‍ക്ക് ഓഫീസില്‍ ആറ് മണിക്കൂറാണ് കാത്തിരിക്കേണ്ടി വന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മണിക്കൂറുകള്‍ എടുത്തത് ചെറിയ കുട്ടികള്‍ക്ക് ഏറെ പ്രയാസമായി. പെട്ടെന്ന് തിരിച്ചു വരാമെന്ന് കരുതി പലരും കുടിവെള്ളവും ബിസ്‌ക്കറ്റുമല്ലാതെ ഒന്നും കരുതിയിരുന്നില്ല.

ഭക്ഷണം വാങ്ങാന്‍ തൊട്ടടുത്ത് ഹോട്ടലുകള്‍ ഇല്ലന്നത് ദുരിതം ഇരട്ടിയാക്കുകയും ചെയ്യും. അനുമതി നൽകുന്നതിനായി ഓഫീസില്‍ എപ്പോഴാണ് വിളിക്കുക എന്ന് പ്രതീക്ഷിച്ച് കാത്തിരിക്കേണ്ടി വരുന്നതിനാൽ മറ്റൊന്നിനും തിരിയാനും പ്രയാസകരമാണ്.ഹദീസ ചെക്ക് പോസ്റ്റ് വഴി മയക്കുമരുന്നുകള്‍ ധാരാളമായി കടത്തുന്നുവെന്ന റിപ്പോർട്ടിനെ കസ്റ്റംസിന്റെ വിശദമായ പരിശോധനയുമുണ്ട്. ഇതെല്ലാം കടുത്ത ദുരിതങ്ങളാണ് സമ്മാനിക്കുന്നത്.

അതേസമയം, ബഹ്‌റൈൻ തിരഞ്ഞെടുക്കുന്നവർക്ക് വളരെ എളുപ്പത്തിൽ കാര്യങ്ങൾ നടക്കുന്നുണ്ട്. ഏജന്റുമാർ മുഖേന വിസയും ബഹ്‌റൈനിൽ കൊണ്ട് പോയി തിരിച്ചെത്തിക്കുന്ന തരത്തിൽ സർവ്വീസുകളും സജ്ജീവമാണ്. കോസ്‌വേയിൽ നടപടിക്രമങ്ങൾ എളുപ്പത്തിൽ കഴിയുമെന്നതും തിരിച്ചു സഊദിയിലേക്ക് തന്നെ വേഗത്തിൽ കയറാൻ സാധിക്കുമെന്നതും ഏറെ ആശ്വാസകരമാണ്.