എംഎ യൂസുഫലിക്ക് പുതിയ ഹെലികോപ്ടര്‍; അത്യാഢംബര ഹെലികോപ്റ്റർ കൊച്ചിയില്‍ പറന്നിറങ്ങി – വീഡിയോ

0
7878

കൊച്ചി: ലോകത്തെ അത്യാഢംബര യാത്രാ ഹെലികോപ്ടറുകളില്‍ പ്രസിദ്ധമായ എച്ച് 145 എയർബസ് ഹെലികോപ്ടര്‍ സ്വന്തമാക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസുഫലി. യൂസുഫലിയുടെ പുതിയ ഹെലികോപ്ടര്‍ കൊച്ചിയിൽ കഴിഞ്ഞ ദിവസം പറന്നിറങ്ങി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആധുനികതക്കും സാങ്കേതികതക്കും സുരക്ഷക്കും മുൻഗണന നൽകി രൂപകല്‍പന ചെയ്ത ഹെലികോപ്ടര്‍ ജര്‍മനിയിലെ എയര്‍ബസ് കമ്പനിയിലാണ് നിർമിച്ചത്. ലോകത്ത് 1500 എച്ച് 145 ഹെലികോപ്ടർ മാത്രമാണ് കമ്പനി ഇതുവരെ നിർമിച്ചത്. രണ്ട് ക്യാപ്റ്റന്മാര്‍ക്കും ഏഴ് യാത്രക്കാര്‍ക്കും സഞ്ചരിക്കാവുന്ന ഹെലികോപ്റ്റർ സുരക്ഷയിൽ കേമനാണ്. ഏതാണ്ട് 100 കോടി രൂപയാണ് ഇതിന് ചെലവുവന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നാല് ലീഫുകളാണ് എച്ച് 145 ഹെലികോപ്ടറിനുള്ളത്. ഒരേ സമയം രണ്ട് ക്യാപ്റ്റന്മാര്‍ക്കും ഏഴ് യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകും. 785 കിലോവാട്ട് കരുത്ത് നല്‍കുന്ന രണ്ട് സഫ്രാന്‍ എച്ച്.ഇ എരിയല്‍ 2 സി 2 ടര്‍ബോ ഷാഫ്റ്റ് എഞ്ചിനാണ് കരുത്തു നൽകുന്നത്. മക്കൂറില്‍ ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഈ ഹെലികോപ്റ്റർ സമുദ്രനിരപ്പില്‍നിന്ന് 20000 അടി ഉയരത്തില്‍ വരെ പറന്നുപൊങ്ങാനാകുമെന്ന പ്രത്യേകതയുമുണ്ട്.

ഹെലികോപ്ടറില്‍ ചുവപ്പ് നിറത്തില്‍ പച്ച കലര്‍ന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസുഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്. 2021 ഏപ്രില്‍ ഒന്നിനായിരുന്നു യൂസുഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടര്‍ കൊച്ചിയില്‍ ചതുപ്പില്‍ പതിച്ചത്. അന്ന് ലേക്ക് ഷോര്‍ ആശുപത്രി വഴി നാട്ടികക്ക് പോകും വഴിയായിരുന്നു ഹെലികോപ്ടർ അപകടത്തില്‍പ്പെട്ടത്.

രണ്ട് പൈലറ്റുമാർക്ക് പുറമെ യൂസുഫലിയും ഭാര്യയും അടക്കം നാലു യാത്രക്കാരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. അന്നത്തെ അപകടത്തിൽ ഇവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.  ഇറ്റാലിയന്‍ നിര്‍മിത കമ്പനി അഗസ്റ്റാ വെസ്റ്റ്ലാന്റിന്റെ ഹെലികോപ്ടറായിരുന്നു അന്ന് അപകടത്തിൽപ്പെട്ടത്.

വീഡിയോ കാണാം 👇