പൗരന്മാരുടെയും താമസക്കാരുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടുന്ന ക്രിമിനൽ സംഘത്തെ പിടികൂടിയതായി സഊദി പബ്ലിക് പ്രോസിക്യൂഷൻ

0
1861

റിയാദ്: പൗരന്മാരുടെയും താമസക്കാരുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടുന്ന ഒരു ക്രിമിനൽ സംഘത്തെ പിടികൂടിയതായി സഊദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

ബാങ്ക് ജീവനക്കാരാണെന്ന് ആൾമാറാട്ടം നടത്തിയ 11 പ്രതികൾക്കെതിരെ അന്വേഷണം ആരംഭിച്ചു. പ്രതികൾ തങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഒരു വീട് എടുത്താണ് കുറ്റകൃത്യം ചെയ്തു വന്നിരുന്നത്.

സംഘത്തിൽ സ്വദേശികളും വിദേശികളുമുണ്ട് . വിവിധ ബാങ്കുകളുടെ ഉദ്യോഗസ്ഥർ ചമഞ്ഞ് ഉപഭോക്താക്കളെ ഫോണിൽ വിളിച്ച് ഒടിപി കൈക്കലാക്കിയായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത് . തന്ത്രപൂർവ്വം ഐഡി നമ്പർ ചോദിച്ചറിഞ്ഞ ശേഷം , അകൗണ്ട് നമ്പർ അപ്ഡേറ്റ് ചെയ്യുക പോലുള്ള കാരണങ്ങൾ പറഞ്ഞ് ഒടിപി കൈക്കലാക്കും . ശേഷം ഉപഭോക്താക്കളറിയാതെ മറ്റ് ബാങ്കുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്.

ആശയവിനിമയം വഴിയുള്ള സാമ്പത്തിക തട്ടിപ്പിന്റെ രീതികളുമായും പാറ്റേണുകളുമായും ബന്ധപ്പെട്ട വസ്തുതകളെക്കുറിച്ച് സാമൂഹിക അവബോധം ആവശ്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.