അൽ മുൻതസഹാത്ത് ചേരി പ്രദേശങ്ങൾ ചെവ്വാഴ്ച്ച മുതൽ പൊളിച്ചു തുടങ്ങും; ഇതോടെ ജിദ്ദയിൽ നീക്കം ചെയ്ത ചേരി പ്രദേശങ്ങളുടെ എണ്ണം 29 ആകും

0
1856

ജിദ്ദ: അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെയും സൗന്ദര്യ വത്കരണത്തിന്റെയും ഭാഗമായി ജിദ്ദയിലെ അൽ മുൻതസഹാത്ത് ചേരിപ്രദേശങ്ങൾ നാളെ മുതൽ (ചെവ്വ) പൊളിച്ചു തുടങ്ങും.

അൽ മുൻതസഹാത്ത് ചേരി നീക്കം ചെയ്താൽ, പൊളിക്കാൻ തീരുമാനിച്ച 32 ൽ 29 ചേരികളുടെയും പൊളിക്കൽ പൂർത്തിയാവും. മൂന്ന് ചേരികളാണ് ഇനി പൊളിക്കാതെ അവശേഷിക്കുന്നത്. നഷ്ടപരിഹാരം വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ആവശ്യമായ രേഖകൾ സമർപ്പിക്കാനും കമ്മിറ്റി ചേരി നിവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്

ചേരി നിർമാർജന കമ്മിറ്റിയുടെ ആസ്ഥാനം വഴിയും ജിദ്ദ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴിയും ഈ ചേരികളിലെ താമസക്കാർക്ക് സേവനങ്ങൾ നൽകുന്നത് തുടരുമെന്നും കമ്മിറ്റി അറിയിച്ചു.

ചേരി ഒഴിയാനുള്ള നിർദേശങ്ങൾ നേരത്തെ നൽകിയിരുന്നു. നൽകപ്പെട്ട കാലയളവ് പൂർത്തിയായ ശേഷമാണ് ചേരി പൊളിച്ചു നീക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്.

ലഗേജുകളും ഭക്ഷണ സാമഗ്രികളും സ്ഥലം മാറ്റാനുള്ള സേവനങ്ങൾ, സ്ഥിരമായ ഭവനം ഒരുക്കാനുള്ള നടപടികൾ, നഷ്ടപരിഹാരം ലഭിക്കുന്നത് വരെ താൽക്കാലിക ഭവനം ഒരുക്കാനുള്ള പരിപാടികൾ, നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ നൽകൽ തുടങ്ങിയ സഹായങ്ങളാണ് പ്രധാനമായും ഇവർക്ക് കമ്മിറ്റി വഴി ലഭിക്കുക.

ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ആവശ്യമായ എല്ലാ സേവനങ്ങളും താമസക്കാർക്ക് ലഭ്യമാക്കാനും ആരോഗ്യ വിദ്യാഭ്യാസ പാർപ്പിട സേവനങ്ങൾ ഉറപ്പാക്കാനും ചേരി കമ്മിറ്റി ലക്ഷ്യമിടുന്നുണ്ട്.