മത മൂല്യങ്ങള്‍ക്ക് നിരക്കാത്ത സാധനങ്ങള്‍ വിറ്റാല്‍ 10 ലക്ഷം റിയാല്‍ വരെ പിഴ

0
2035

ദോഹ: ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത സാധനങ്ങള്‍ വില്‍പന നടത്തുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും ഖത്തറില്‍ വിലക്കുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യാപാരികളെ ഓര്‍മിപ്പിച്ചു. രാജ്യത്തെ മാളുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കുമാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയമ ലംഘനം നടത്തുന്നവര്‍ 10 ലക്ഷം റിയാല്‍ പിഴ അടക്കേണ്ടി വരുമെന്നും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്നും വാണിജ്യ ലൈന്‍സ് റദ്ദാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്തെ എല്ലാ വാണിജ്യ വിതരണക്കാരും മത മൂല്യങ്ങളെയും പാരമ്പര്യത്തെയും ബഹുമാനിക്കണമെന്നും ഇസ്‌ലാമിക മൂല്യങ്ങള്‍ക്കും പൊതു മര്യാദകള്‍ക്കും ആചാരങ്ങള്‍ക്കും പാരമ്പര്യത്തിനും വിരുദ്ധമായ ഉത്പന്നങ്ങളോ ചിത്രങ്ങളോ ഓഡിയോ, വീഡിയോ മെറ്റീരിയലുകളോ പ്രദര്‍ശിപ്പിക്കരുതെന്നും അധികൃതര്‍ അറിയിച്ചു. മതമൂല്യങ്ങളും ചിഹ്നങ്ങളും പാരമ്പര്യവും ആദരിക്കപ്പെടേണ്ടത് സംബന്ധിച്ചുള്ള രാജ്യത്തെ നിയമങ്ങളും അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ വിവരിക്കുന്നുണ്ട്.

സദാചാര വിരുദ്ധവും പൊതുമര്യാദകള്‍ക്ക് നിരക്കാത്തതുമായ ഉള്ളടക്കമുള്ള വസ്‍തുക്കള്‍, ദൃശ്യങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍, ചിത്രങ്ങള്‍ തുടങ്ങിയ പ്രദര്‍ശിപ്പിക്കുന്നതിന് നിയമപരമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം പൊതുമര്യാദകള്‍ക്കും രാജ്യത്തിന്റെ പാരമ്പര്യത്തിനും വിരുദ്ധമായ സാധനങ്ങള്‍ കടകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനും സമ്മാനങ്ങള്‍, പാക്കിങ് മെറ്റീരിയലുകള്‍, മതപരവും സാംസ്‍കാരികവുമായ മൂല്യങ്ങളെ ബാധിക്കുന്ന സാദാചാര വിരുദ്ധമായ അര്‍ത്ഥങ്ങളുള്ള പരസ്യ വാചകങ്ങള്‍, ചിഹ്നങ്ങള്‍ തുടങ്ങിയവയ്‍ക്കൊക്കെ വിലക്കുണ്ട്. ഇത്തരം സാധനങ്ങളും ഇറക്കുമതിയും അതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളുമെല്ലാം നിയമപ്രകാരം കുറ്റകരമാണ്.