സഊദിയിൽ നടക്കാനിറങ്ങിയ ഇന്ത്യൻ ദമ്പതികളെ കാർ ഇടിച്ചു തെറിപ്പിച്ചു, ഭർത്താവ് തൽക്ഷണം മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്

0
5121

ദമാം: നടക്കാനിറങ്ങിയ ഇന്ത്യൻ ദമ്പതികളെ കാർ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്ന് ഭർത്താവ് തൽക്ഷണം മരിച്ചു. ഭാര്യക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജുബൈലിലെ തമീമി കമ്പനി ജീവനക്കാരൻ പാട്ന സ്വദേശി ചന്ദ്ര പ്രഭാത് കുമാർ (37) ആണ് മരിച്ചത്. കിഴക്കൻ സഊദിയിലെ ജുബൈൽ നഗരിയിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി പൗരന്റെ വാഹനം നടക്കാനിറങ്ങിയ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാലുകൾക്ക് ഗുരുതര പരിക്കേറ്റ ഭാര്യ വൈഷ്ണവി കുമാരി (21) വിദഗ്ധ ചികിത്സക്കായി അൽഅഹ്സ്സയിലെ ആശുപത്രിയിലേക്ക് മാറ്റി.

ജുബൈ നഗരത്തിലെ സെൻറ്റർ പോയിന്റ് സിഗ്നലിനു സമീപം താബ സെന്ററിനടുത്തായാണ് അപകടം വ്യായാമത്തിനായി നടക്കാനിറങ്ങിയ ഇരുവരെയും പിന്നിൽ നിന്നെത്തിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്ര പ്രഭാത്‌ അപകട സ്ഥലത്ത് മരിച്ചു. സാരമായി പരിക്കേറ്റ വൈഷ്ണവിയെ ഉടൻ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും കാലിലെ ഞരമ്പുകൾ അറ്റുപോയതിനാൽ അൽഅഹ്സ്സയിലെ ആശുപത്രിയിലേക്ക് രാത്രി ഒന്നോടെ മാറ്റുകയായിരുന്നു.

ഒരുമാസം മുമ്പാണ് വൈഷ്ണവി സന്ദർശക വിസയിൽ ഭർത്താവിന്റെ അടുത്തേക്ക് എത്തിയത്. കേസിന്റെ അനന്തര നടപടികൾക്കും ആശുപത്രിയിൽ ആവശ്യമായ സഹായത്തിനുമായി പ്രവാസി സാംസ്‌കാരിക വേദി ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ രംഗത്തുണ്ട്.

ചന്ദ്ര പ്രഭാത് കുമാറിന്റെ മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചന്ദ്രശേഖർ പ്രസാദ്-ശാന്തി കുമാരി ദമ്പതികളുടെ മകനാണ് ചന്ദ്ര പ്രഭാത് കുമാർ.