ഗൾഫിലേക്ക് ഇൻഡിഗോയുടെ കൂടുതൽ സർവീസുകൾ വരുന്നു, പ്രവാസികൾക്ക് ആശ്വാസമാകും

0
3653

തിരുവനന്തപുരം: ഗൾഫിലേക്ക് കൂടുതൽ സർവീസുകളുമായി ഇൻഡിഗോ. പ്രവാസികൾക്ക് കൂടുതൽ ആശ്വാസമാകും വിധമാണ് സർവ്വീസുകൾ വരുന്നത്. ഒമാനിലെ മസ്ക്റ്റിലേക്ക് ആറ് അധിക സർവീസുകളും ബഹ്‌റൈനിലേക്കും പുതിയ സർവ്വീസുകളും തുടങ്ങാൻ ഇൻഡിഗോ  തയ്യാറെടുത്തിട്ടുണ്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരത്ത് നിന്നും മസ്കറ്റിലേക്ക് ആഴ്ചയിൽ രണ്ടും, ലക്‌നൗവിൽ നിന്നും മസ്കറ്റിലേക്ക് ആഴ്ചയിൽ നാലും സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.

തിങ്കൾ, ഞായർ ദിവസങ്ങളിലാണ് തിരുവനന്തപുരം സർവീസ്. രാത്രി 11.35ന് മസ്കറ്റിൽ നിന്നു പുറപ്പെട്ട് പുലർച്ചെ അഞ്ചിന് തിരുവനന്തപുരത്തെത്തും വിധമാണ് യാത്ര ഷെഡ്യൂൾ.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ലക്‌നൗ സർവീസ്. ഈ വിമാനം പുലർച്ചെ 3.35ന് മസ്കറ്റിൽ നിന്നു പുറപ്പെട്ട് രാവിലെ 8.30ന് ലക്‌നൗവിലെത്തിച്ചേരും.

കൂടാതെ, ഓഗസ്റ്റ് ആദ്യം മുതല്‍ ബഹ്‌റൈനിലേക്കും സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ ബുക്കിംഗ് ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇന്‍ഡിഗോയുടെ ഇരുപത്തി അഞ്ചാമത്തെ അന്താരാഷ്ട്ര സര്‍വീസാണ് ബഹ്‌റൈനിലേക്ക് ആരംഭിക്കുന്നത്. എയര്‍ലൈന്‍ സര്‍വീസ് നടത്തുന്ന ആറാമത്തെ ജിസിസി രാജ്യം കൂടിയാണ് ബഹ്‌റൈന്‍.

ബഹ്‌റൈനില്‍ നിന്ന് മുംബൈയിലേക്ക് നോണ്‍സ്‌റ്റോപ്പ് സര്‍വീസുകള്‍ നടത്താനാണ് പദ്ധതി. ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വീസുകളും മുംബൈ വഴി ആയിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ ആഭ്യന്തര സര്‍വീസ് നടത്തുന്ന എല്ലാ വിമാനത്താവളങ്ങളിലേക്കും ബഹ്‌റൈനില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. മുംബൈ എയര്‍പോര്‍ട്ടില്‍ ഇറങ്ങി ടെര്‍മിനല്‍ ഒന്നില്‍ നിന്ന് രണ്ടിലെത്തിയാണ് ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് യാത്ര തിരിക്കുക.

ടെര്‍മിനല്‍ രണ്ടിലെത്താന്‍ എയര്‍ലൈന്‍സിന്റെ ഷട്ടില്‍ ബസ് സര്‍വീസ് സൗകര്യമുണ്ടായിരിക്കും. യാത്രക്കാര്‍ ഹാന്‍ഡ് ബാഗേജ് മാത്രം കൈവശം എടുത്താല്‍ മതിയാകും. ചെക്ക് ഇന്‍ ബാഗേജ് എയര്‍ലൈന്‍സ് തന്നെ ആഭ്യന്തര വിമാനത്തില്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍നിന്ന് ബഹ്‌റൈനിലേക്ക് വരുമ്പോള്‍ മുംബൈയില്‍ വച്ചായിരിക്കും യാത്രക്കാരുടെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക.