80 ഉം പിന്നിട്ട് ഡോളർ, ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പു കുത്തി, ഗൾഫ് വിനിമയ നിരക്ക് സർവകാല റെക്കോർഡിൽ പ്രവാസികൾക്ക് നേട്ടം

0
6440

ദുബൈ: 80 ഉം പിന്നിട്ട് ഡോളർ കുതിച്ചതോടെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പ് കുത്തി. ഇതോടെ ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഉയരുന്ന ക്രൂഡ് ഓയിൽ വിലയും ഡോളറിന്റെ മൂല്യവും ഇന്ത്യൻ രൂപയെ കൂടുതൽ തളർത്തുകയാണ്. ഇന്നലെ 80.03 രൂപയിലേക്കാണ് ഡോളർ വില ഉയർന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ, ഇന്ന് അൽപം കുറവ് വന്നിട്ടുണ്ട്. പക്ഷെ, വരും ദിവസങ്ങളിൽ ഇത് ഉയരുമെന്ന് തന്നെയാണ് സമാപതിക നിരീക്ഷകർ പറയുന്നത്. റിസർവ് ബാങ്കിന്റെ ഇടപെടൽ ശക്തമായില്ലായെങ്കിൽ അടുത്തദിവസങ്ങളിൽ വീണ്ടും രൂപയുടെ മൂല്യം താഴേക്ക് പോകുമെന്നാണ് സൂചന.

ഉയരുന്ന പണപ്പെരുപ്പം ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന ആശങ്കകളെ തുടർന്ന് ഡോളറിൽ നിക്ഷേപം എത്തിയതാണ് പതിറ്റാണ്ടിലെ റെക്കോർഡ് മൂല്യത്തിലേക്ക് ഡോളറിനെ എത്തിച്ചത്. ഇന്നലെ രാവിലെ സെൻസെക്സ് രാവിലെ 9.40ന് 131.36 പോയിന്റ്(0.24 ശതമാനം) താഴ്ന്ന് 54,389.79 പോയിന്റിലും, നിഫ്റ്റി 25.55 പോയിന്റ് (0.16 ശതമാനം) ഇടിഞ്ഞ് 16,252.95 പോയിന്റിലുമാണ് എത്തിയത്. ക്രൂഡ് ഓയിൽ വിലയാകട്ടെ അന്താരാഷ്ട്ര വിപണിയിൽ ഉയര്ന്ന തന്നെ നിൽക്കുകയാണ്. രൂപക്കേറ്റ തിരിച്ചടിയെ തുടർന്ന് ഇന്ത്യൻ പ്രവാസികൾ പണം അയയ്ക്കാൻ തിരക്കുകൂട്ടുകയാണ്.

നിഫ്റ്റിയുടെ 50 ഓഹരികളിൽ 29 എണ്ണം നേട്ടം കാണിച്ചപ്പോൾ ബാക്കിയുള്ളവ ചുവപ്പിലാണുള്ളതെന്ന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഡാറ്റകൾ വ്യക്തമാക്കുന്നു. രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവാണ് ആഭ്യന്തര ഓഹരി വിപണിയെയും സാരമായി ബാധിച്ചത്.

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഒരു സഊദി റിയാലിന് 21 രൂപ 32 പൈസ എന്ന നിലയിലേക്ക് വിനിമയനിരക്ക് ഉയർന്നിരുന്നു. ബുധനാഴ്ച്ച രാവിലെയുള്ള കണക്കുകൾ പ്രകാരം നിലവിൽ സഊദി റിയാൽ 21.29, യു.എ.ഇ ദിർഹം 21.76, ഖത്തർ റിയാൽ 21.96, ഒമാനി റിയാൽ 207.65, കുവൈത്ത് ദീനാർ 260.04, ബഹ്‌റൈൻ ദിനാർ 212.06 എന്നിങ്ങനെയാണ് വിനിമയ നിരക്കുകൾ. പ്രമുഖ ഓൺലൈൻ നിരക്കുകൾ പ്രകാരമുള്ള കണക്കുകളാണിത്.